Home NEWS INDIA അനധികൃത കുടിയേറ്റം ആരോപിച്ച്, റദ്ദാക്കിയ പൗരത്വം സുപ്രിംകോടതി പുനസ്ഥാപിച്ചു

അനധികൃത കുടിയേറ്റം ആരോപിച്ച്, റദ്ദാക്കിയ പൗരത്വം സുപ്രിംകോടതി പുനസ്ഥാപിച്ചു

അസമിലെ ഫോറീനേഴ്‌സ് ട്രിബൂണലിനു സുപ്രിംകോടതിയിൽനിന്നു തിരിച്ചടി. ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയെന്നാരോപിച്ച് അസം സ്വദേി മുഹമ്മദ് റഹീം അലി എന്നയാളുടെ റദ്ദാക്കിയ പൗരത്വം 12 വർഷത്തിന് ശേഷം പുനഃസ്ഥാപിച്ച് സുപ്രിംകോടതി വിധി. ഇദ്ദേഹത്തിനെതിരെ 2004ൽ പൊലീസ് ആരംഭിച്ച നടപടികൾക്ക്് തെളിവില്ലെന്ന് കാണിച്ച് ജസ്റ്റിസുമാരായ വിക്രം നാഥ്, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ലാഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
അസമിലെ ഫോറിനേഴ്‌സ് ട്രിബൂണലാണ് റഹീം അലി വിദേശിയാണെന്ന് മുദ്രകുത്തിയത്. വിധിക്കെതിരെ അലി ഗുവാഹത്തി ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തു. ട്രിബ്യൂണലിന്റെ തീരുമാനം ആദ്യം കോടതി സ്റ്റേ ചെയ്‌തെങ്കിലും 2015 നവംബറിൽ ഹരജി തള്ളി. തുടർന്ന് ഇദ്ദേഹം സുപ്രിംകോടതിയിൽനൽകിയ അപ്പീലിൽ ആണ് പൗരത്വം വീണ്ടെടുത്തത്.

1971 മാർച്ച് 25ന് ശേഷം ഇയാൾ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി കുടിയേറിയെന്നാണ് ഫോറിനേഴ്‌സ് ട്രിബൂണൽ വാദിച്ചത്. ഇതുസംബന്ധിച്ച് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇദ്ദേഹം ഇന്ത്യയിലേക്ക് അനധികൃതമായി കുടയേറിയെന്നത് ആരോപണം മാത്രമാണ്. ഇയാൾ ബംഗ്ലാദേശിൽനിന്ന് അസമിൽ എത്തിയെന്നതിന്റെ വിവരം എങ്ങനെ ലഭിച്ചെന്ന് പറയാൻ അധികൃതർ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.
ബംഗ്ലാദേശിൽനിന്ന് കുടിയേറിയെന്നതിന് സാധൂകരിക്കുന്ന രേഖകൾ അവരുടെ കൈവശം വേണം. എന്നാൽ, ഇതിന്റെ വിവരമൊന്നും പരാതിക്കാരനോ ട്രിബൂണലിനോ അധികൃതർ നൽകിയിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

പൗരത്വം റദ്ദാക്കാനുള്ള സെക്ഷൻ ഒമ്പത് പ്രകാരം ഒരാളെ വീട്ടിൽ ചെന്ന് നിങ്ങൾ ഒരു വിദേശിയാണെന്ന് സംശയിക്കുന്നതായി പറയാൻ അധികൃതർക്ക് അധികാരമുണ്ടോയെന്ന് സുപ്രിംകോടതി ബെഞ്ച് ചോദിച്ചു. സംശയിക്കപ്പെടുന്ന വ്യക്തിക്കെതിരായ തെളിവുകളും വിവരങ്ങളും നൽകാൻ അധികൃതർക്ക് സാധിക്കണം. തെളിവുകളില്ലാതെ ഒരാൾക്കെതിരെ അധികൃതർ നടപടിയെടുക്കാൻ പാടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുകയും ഗുരുതര പ്രത്യാഘാതമുണ്ടാക്കുകയും ചെയ്യും. ഇദ്ദേഹത്തെ വിദേശിയെന്ന് മുദ്രചാർത്തി അധികൃതർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളത്. പ്രാരംഭ ഘട്ടത്തിലെ ഈ തെറ്റ് പിന്നീടുള്ള നടപടിക്രമങ്ങളെയും വലിയ പ്രഹരമേൽപ്പിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഈ വിഷയം വീണ്ടും പരിഗണിക്കാനായി ട്രിബ്യൂണലിലേക്ക് മാറ്റാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. പരാതിക്കാരനെ വിദേശിയെന്നതിന് പകരം ഇന്ത്യക്കാരനായി പ്രഖ്യാപിക്കുകയാണെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഈ വിധിയുടെ പകർപ്പ് അസമിലെ എല്ലാ ഫോറീനേഴ്‌സ് ട്രിബ്യൂണലുകളിലും എത്തിക്കണമെന്നും കോടതി നിർദേശിച്ചു.

പരാതിക്കാരനായ മുഹമ്മദ് റഹീം അലിക്ക് വേണ്ടി അഭിഭാഷകരായ കൗഷിക് ചൗധരി, സക്ഷം ഗാർഖ്, പാർഥ് ദാവർ, ശാന്തനു ജയിൻ, ജ്യോതിർമയ് ചാറ്റർജി എന്നിവർ ഹാജരായി. അസം സർക്കാറിന് വേണ്ടി അഭിഭാഷകരായ ശുവോദീപ് റോയ്, സായ് ശശാങ്ക്, ദീപയാൻ ദത്ത എന്നിവരും ഹാജരായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version