Home NEWS KERALA പി.വി.അൻവറിന്റെ ഉപാധികൾ അംഗീകരിക്കില്ല ; സ്ഥാനാർഥിയെ പിൻവലിച്ചാൽ നല്ലകാര്യം ഇല്ലെങ്കിൽ അങ്ങനെ പോയ്ക്കോട്ടെയെന്ന് കോൺഗ്രസ് നേതാക്കൾ

പി.വി.അൻവറിന്റെ ഉപാധികൾ അംഗീകരിക്കില്ല ; സ്ഥാനാർഥിയെ പിൻവലിച്ചാൽ നല്ലകാര്യം ഇല്ലെങ്കിൽ അങ്ങനെ പോയ്ക്കോട്ടെയെന്ന് കോൺഗ്രസ് നേതാക്കൾ

0

ചേലക്കര: സ്ഥാനാർഥിയെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് പി.വി. അൻവറിന്റെ ഉപാധികൾ അംഗീകരിക്കില്ലെന്നും, യു.ഡി.എഫ് ആവശ്യപ്പെട്ടാൽ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് അൻവർ ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ്ട് ആവശ്യം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
എൽ.ഡി.എഫിൽനിന്നും പുറത്തേക്ക് വരുമ്പോൾ അൻവർ നിരത്തിയ കാരണങ്ങൾ ഉയർത്തി പിടിക്കുകയാണെങ്കിൽ അദ്ദേഹം യു.ഡി.എഫുമായി സഹകരിക്കുകയാണ് വേണ്ടത്.
നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ എന്റെ സ്ഥാനാർഥികളെ പിൻവലിക്കാമെന്നാണ് അൻവർ പറഞ്ഞത്. റിക്വസ്റ്റ് ചെയ്തപ്പോൾ രമ്യയെ പിൻവലിക്കണമെന്നും എങ്കിൽ പാലക്കാട് തന്റെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന നിർദേശവുമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. കഴിയുമെങ്കിൽ അൻവറിന് യു.ഡി.എഫിനെ പിന്തുണയ്ക്കാം. മറ്റൊരു ഉപാധികളും കോൺഗ്രസും യു.ഡി.എഫും സ്വീകരിക്കുന്നില്ല.

കഴിഞ്ഞ രണ്ടുവർഷമായി ഞങ്ങൾ ഉന്നയിക്കുന്ന ആരോപണമാണ് അൻവറും സർക്കാരിനെതിരെ ഉയർത്തിയിരിക്കുന്നത്. സി.പി.എം- ബി.ജെ.പി. അവിഹിത ബന്ധവും ദുർഭരണവുമായിരുന്നു ഇവ. ഇങ്ങനെ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന ആളുകൾ എന്തിനാണ് അവരെ സഹായിക്കാൻ സ്ഥാനാർഥികളെ നിർത്തുന്നതെന്നും വി.ഡി. സതീശൻ ചോദിച്ചു. സ്ഥാനാർഥിയെ പിൻവലിച്ചാൽ നല്ലകാര്യം ഇല്ലെങ്കിൽ അങ്ങനെ പോയ്ക്കോട്ടെ.

ആർക്ക് മുന്നിലും യു.ഡി.എഫ്. വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ല. ഉചിതമായ തീരുമാനങ്ങൾ അതത് സമയത്ത് എടുക്കും. അത് രാഷ്ട്രീയമാണ്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ നിരുപാധികം പിന്തുണയ്ക്കുമെന്നാണ് പി.വി. അൻവർ അറിയിച്ചിരിക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഇനി അൻവർ പിന്തുണച്ചില്ലെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധി കഷ്ടപ്പെട്ട് പോകുമല്ലോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version