വിജയിത്തിലേക്കുള്ള ചെറിയ ചുവടു വയ്പ് : സാക്ഷി മാലിക്
വനിതാ ഗുസ്തിതാരങ്ങളെ പീഡിപ്പിച്ച കേസിൽ ബിജെപി എം.പിയും ഗുസ്തി ഫെഡേറഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം കുറ്റം ചുമത്തി, അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാൾക്കെതിരെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റം ചുമത്താൻ ഉത്തരവിട്ടത്.
വനിതാ താരങ്ങൾ നൽകിയ ആറു കേസുകളിൽ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി. ആറാമത്തെ ഗുസ്തി താരത്തിന്റെ കേസിൽ ബ്രിജ് ഭൂഷണെതിരെ കുറ്റമില്ല. അതേസമയം, സ്ത്രീത്വത്തെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.
ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 15നാണ് ബ്രിജ് ഭൂഷണിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഐപിസി 354 (സ്ത്രീകളുടെ അന്തസ് ഹനിക്കൽ), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടർന്ന് ശല്യംചെയ്യൽ), 506 (ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണിനെതിരെ കുറ്റപത്രത്തിലുള്ളത്.
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളിൽ മെയ് 21 ന് വാദം നടക്കും. ഇതിൽ ലൈംഗികാതിക്രമം എന്ന കുറ്റം ജാമ്യമില്ലാ കുറ്റവും അഞ്ച് വർഷം തടവും ലഭിക്കാവുന്നതുമാണ്. ബ്രിജ് ഭൂഷന്റെ സെക്രട്ടറി വിനോദ് തോമറിനെതിരെ കുറ്റം ചുമത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. വിനോദ് തോമറിനെതിരെ സെക്ഷൻ 506(1) പ്രകാരം കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി.
വിജയിത്തിലേക്കുള്ള ചെറിയ ചുവടു വയ്പ് : സാക്ഷി മാലിക്
ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനുള്ള ഡൽഹി കോടതിയുടെ ഉത്തരവ് വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പാണ് എന്നാണ്് ഗുസ്തി താരം സാക്ഷി മാലിക്.
ഒളിമ്പ്യൻമാരായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് മാസങ്ങളോളം സമരം നടത്തിയിരുന്നു.
” കേസ് ശരിയായ രീതിയിൽ പുരോ?ഗമിക്കുന്നുണ്ടെന്നും ഇരകൾക്ക് നീതി ലഭിക്കുമെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. തീർച്ചയായും ഇത് വിജയത്തിലേക്കുള്ള ചുവടുവയ്പ്പാണ്. അന്തിമ നീതി ലഭിക്കുന്നതുവരെ ഞങ്ങൾ ഈ പോരാട്ടം തുടരും,’ സാക്ഷി മാലിക് പറഞ്ഞു. യുവ വനിതാ ഗുസ്തി താരങ്ങളുടെ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള നീക്കമാണിതെന്നും സാക്ഷി കൂട്ടിചേർത്തു.