Home SOCIAL MEDIA ബെന്യാമിൻ സാഹിത്യകമ്പോളത്തിൽ വിൽപ്പനക്ക് വെച്ചത് ആടുജീവിതമല്ല

ബെന്യാമിൻ സാഹിത്യകമ്പോളത്തിൽ വിൽപ്പനക്ക് വെച്ചത് ആടുജീവിതമല്ല

ബെന്യാമിൻ സാഹിത്യകമ്പോളത്തിൽ വിൽപ്പനക്ക് വെച്ചത് ആടുജീവിതമല്ല, നജീബ് എന്ന വ്യക്തിയെത്തന്നെയാണ്. ജീവിതാനുഭവങ്ങളിൽ വെന്തുരുകിയ ഒരു പാവം മനുഷ്യനെ വെച്ച് നടത്തിയ നാണം കെട്ട മാർക്കറ്റിങിന്റെ വിഷയമാണ്. ബഷീർ വള്ളിക്കുന്നു എഴുതുന്നു

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഈ വിഷയത്തിലുള്ള അവസാന പോസ്റ്റാണ്.
ആരോടും തർക്കിക്കാനല്ല, ഏതെങ്കിലും ശുദ്ധമനസ്‌കർക്ക് ഇനിയും വിഷയം മനസ്സിലാവാത്തതുണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രം.
ബെന്യാമിൻ ശുക്കൂറിൽ നിന്നോ മറ്റാരെങ്കിൽ നിന്നുമോ ജീവിതാനുഭവങ്ങളുടെ ത്രെഡ് എടുത്ത് കഥയോ നോവലോ എന്തും രചിക്കട്ടെ, ഒരാളും അതിനെ വിമർശിക്കില്ല. അതുപോലെ എത്ര കഥകളും നോവലുകളും ലോകത്ത് പിറക്കുന്നു, ആരെങ്കിലും അതിന്റെ പിറകെ സൈക്കിളെടുത്ത് കൂടാറുണ്ടോ?.. ഇല്ല.

ഇവിടെ വിഷയം ഒരു നോവൽ എഴുതുന്നു, അത് ഒരാളുടെ ജീവിത കഥയാണെന്ന് കൃത്യമായ പ്രചാരണം നടത്തുന്നു, വായനക്കാരന്റെ രസത്തിന് വേണ്ടി പൊടിപ്പും തൊങ്ങലുമൊന്നും കൂട്ടിച്ചേർക്കാത്ത ജീവിതകഥയാണെന്ന് മുഖവുരയിൽ പറയുന്നു. ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’ എന്ന ടാഗ് ലൈനിൽ ശുക്കൂർ എന്ന മനുഷ്യനെ പൊതുസമൂഹത്തിന് മുന്നിൽ നജീബായി അവതരിപ്പിക്കുന്നു, നോവലിന്റെ ആദ്യകോപ്പി അയാൾക്ക് നൽകി പ്രകാശനം ചെയ്യുന്നു. ശുകൂർ എന്ന അയാളുടെ പേരും സ്വത്വവും പോലും പൊതുസമൂഹത്തിന് മുന്നിൽ നജീബായി അവതരിപ്പിക്കുന്നു. (ഈ വിവാദം മറനീക്കുന്നത് വരെ എത്ര പേർക്കറിയാം അയാളുടെ പേര് ശുക്കൂർ ആയിരുന്നു എന്ന്??.)
ബെന്യാമിൻ സാഹിത്യകമ്പോളത്തിൽ വിൽപ്പനക്ക് വെച്ചത് ആടുജീവിതമല്ല, നജീബ് എന്ന വ്യക്തിയെത്തന്നെയാണ്. നോവലിന്റെ മാർക്കറ്റിങ്ങിന് അത് അത്യാവശ്യമായിരുന്നു. ജീവിച്ചിരിക്കുന്ന ഒരാൾ കടന്ന് പോയ പച്ചയായ ജീവിതാനുഭവങ്ങൾ എന്ന ബാക്ക് ഗ്രൗണ്ടാണ് ആ നോവലിന് വായനക്കാരെ കൂട്ടിയത്. ഒരു സാഹിത്യസൃഷ്ടി എന്നതിലപ്പുറം വായനയുടെ ഗ്രാവിറ്റിയും വൈകാരികതയും സൃഷ്ടിച്ചത് നജീബ് (അതായത് ശുകൂർ) വായനക്കാരന്റെ മനസ്സിൽ കിടന്ന് നീറിപ്പുകഞ്ഞത് കൊണ്ട് കൂടിയാണ്.
നോവൽ സിനിമയാക്കിയപ്പോൾ അതിന്റെ പ്രമോഷനും മുന്നിൽ നജീബിനെ കൊണ്ട് വന്നു. മാർക്കറ്റിങ് തന്ത്രങ്ങളും അതിന്റെ തട്ടിപ്പുകളുമൊന്നും അറിയാത്ത ഒരു സാധാരണക്കാരൻ.. ‘ബേസ്ഡ് ഓൺ എ ട്രൂ സ്റ്റോറി’ എന്ന് സ്‌ക്രീനിൽ എഴുതിക്കാണിക്കുന്നു. സിനിമയുടെ എല്ലാ ഫോക്കസും അഭിമുഖങ്ങളും നജീബ് അഥവാ ശുകൂറിൽ കേന്ദ്രീകരിക്കുന്ന സമയത്ത് നോവലിൽ നജീബ് നടത്തിയ മൃഗരതിയുടെ കാര്യം കഥാകൃത്ത് തന്നെ വിവാദമാക്കുന്നു, ഷൂട്ട് ചെയ്തു എന്ന് പറയുന്നു, സംവിധായകൻ പറയുന്നു ഷൂട്ട് ചെയ്തിട്ടില്ല എന്ന്.. (അതിന്റെ സത്യാവസ്ഥ എന്തോ ആകട്ടെ), ഈ സിനിമ വലിയ ചർച്ചയാകുന്ന സമയത്ത് സിനിമയിലില്ലാത്ത ഇക്കാര്യം കൊത്തിവലിക്കാൻ പൊതുസമൂഹത്തിലേക്ക് വിട്ടുകൊടുത്തത് കഥാകൃത്ത് തന്നെ. അതാണ് പുസ്തകത്തിന് വേണ്ട ഇനിയുള്ള മാർക്കറ്റിംഗ്.
ഒരു ബലിയാടിനെപ്പോലെ മുന്നിൽ നിർത്തിയ ആ പാവം മനുഷ്യന്റെ മാനസികാവസ്ഥ ആരുടെയെങ്കിലും മനസ്സിലൂടെ കടന്നു പോയോ.. ഇല്ല. എന്ത് പറയണം എന്ത് പറയരുത് എന്നൊക്കെ പഠിപ്പിച്ചു വിട്ടാൽ അതുപോലെ പറയാൻ തയ്യാറാവേണ്ടിവരുന്ന ഒരു നിസ്സഹായൻ. ജീവിതമാർഗ്ഗമില്ലാത്ത ഒരു പാവം പ്രവാസി.
അയാളും അയാളുടെ ജീവിതവുമാണ് സമൂഹമധ്യത്തിൽ അപമാനിക്കപ്പെട്ടത്. മൃഗരതിയുടെ പാപമേറ്റു വാങ്ങേണ്ടി വന്നത്.. ഇനിയുള്ള കാലവും ആ കുത്തുവാക്കുകൾ അയാൾക്ക് കേൾക്കേണ്ടി വരും, പരിഹാസത്തോടെയുള്ള നോട്ടം അനുഭവിക്കേണ്ടി വരും. അയാളെ മുന്നിൽ നിർത്തി നോവൽ വിറ്റഴിച്ചതിന്റെ ബാക്കിപത്രമാണത്. അല്ലാതെ ഒരു സാഹിത്യസൃഷ്ടിയിൽ കഥാപാത്ര രചന നടത്തിയതിന്റെ വിഷയമല്ല, എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയവുമല്ല. ജീവിതാനുഭവങ്ങളിൽ വെന്തുരുകിയ ഒരു പാവം മനുഷ്യനെ വെച്ച് നടത്തിയ നാണം കെട്ട മാർക്കറ്റിങിന്റെ വിഷയമാണ്.
ബഷീർ വള്ളിക്കുന്ന്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version