പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, സ്വന്തം പാർട്ടിയിലെ നേതാക്കളെയും മോദി തടവിലാക്കുമെന്ന് അരവിന്ദ് കെജ്രിവാൾ.
തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും ജയിലിലാക്കാമെന്ന സന്ദേശമാണ് മോദി നൽകാൻ ഉദ്ദേശിച്ചത്. ‘ഒരു രാജ്യം ഒരു നേതാവ്’ എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. ഒരു സ്വേച്ഛാധിപതി എന്ന നിലയിലേക്ക് വളരുന്ന പ്രധാനമന്ത്രി ജനാധിപത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നു. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സ്ഥാനത്ത് നിന്ന് ഉടൻ നീക്കുമെന്നും കെജ്രിവാൾ പറഞ്ഞു. എതിർ ശബ്ദങ്ങളില്ലാതാക്കിയും പാർട്ടിയിലെ തന്നെ നേതാക്കളെ വെട്ടിനിരത്തിയും അമിത് ഷായ്ക്ക് പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി ചെയ്യുന്നത് എന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു.
അദ്വാനി, മുരളി ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയം അവസാനിപ്പിച്ചു. യോഗി ആദിത്യനാഥാണ് അടുത്തത്. മോദി വിജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യുപി മുഖ്യമന്ത്രിയെ മാറ്റുമെന്നും കെജ്രിവാൾ പറഞ്ഞു. മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിയുടെ അധികാരം നിയന്ത്രിക്കുന്ന രണ്ടു പേരാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ‘അവരുടെ ചിറകുകൾ വെട്ടി’ മാറ്റുന്നത് നാം കണ്ടു.
2025 സെപ്തംബർ 17-ന് പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് തികയുകയാണ്. 75 വയസ്സായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കുമെന്ന് അദ്ദേഹം ചട്ടം സ്ഥാപിച്ചു. മോദി വിരമിച്ചാൽ ആരായിരിക്കും പ്രധാന മന്ത്രി കെജ്രിവാൾ ചോദിച്ചു.
ഒരു സ്വേച്ഛാധിപതിയിൽനിന്ന് നാടിനെ രക്ഷിക്കാൻ എനിക്ക് ഒറ്റയ്ക്ക് കഴിയില്ല. രാജ്യത്തെ 140 കോടി ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. എന്റെ എല്ലാ കഴിവും, എന്റെ ശരീരത്തിന്റെ ഓരോ തുടിപ്പും രാജ്യത്തെ രക്ഷിക്കാനായി ഞാൻ ഉപയോഗിക്കും. ഇന്ത്യസഖ്യം രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. രാവിലെ കൊണാർട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലെത്തി ദർശനം നടത്തിയാണ് കെജ്രിവാൾ പൊചു പര്യടനത്തിനു തുടക്കം കുറിച്ചത്.