പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയെ അധികാരത്തിലേറ്റിയാൽ തന്റെ ’10 ഗ്യാരണ്ടികൾ’ കേജ്രിവാൾ വാഗ്ദാനം ചെയ്തു.ഞായറാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിലാണ് രാജ്യത്ത് ജനങ്ങൾക്ക് 10 വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചത്.
”ഇന്ന് ഞങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് 2024 നുള്ള ‘കേജ്രിവാളിന്റെ 10 ഗ്യാരണ്ടികൾ’ പ്രഖ്യാപിക്കാൻ പോകുകയാണ്. എന്റെ അറസ്റ്റിനെത്തുടർന്ന് ഇത് വൈകി. പക്ഷേ തിരഞ്ഞെടുപ്പിന്റെ നിരവധി ഘട്ടങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. ‘
‘ഇന്ത്യ സഖ്യം അധികാരത്തിൽ വന്നതിന് ശേഷം ഈ ഗ്യാരണ്ടികൾ നടപ്പിലാക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.’ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 24 മണിക്കൂർ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ, ഡൽഹിക്ക് സംസ്ഥാന പദവി,
എല്ലാവർക്കും നല്ലതും മികച്ചതുമായ സൗജന്യ വിദ്യാഭ്യാസം, എന്നിങ്ങനെ 10 വാഗ്ദാനമാണ് നടപ്പിലാക്കുന്നത്.
ഇന്ത്യാ മുന്നണി നേതാക്കളുമായി ഇതുവരെ ഈ ഉറപ്പുകളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ ആർക്കും ഇതിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Read More നരേന്ദ്ര മോദിയുമായി സംവാദത്തിന് സമ്മതം അറിയിച്ച് രാഹുൽ ഗാന്ധി
കേജ്രിവാളിന്റെ 10 ഗ്യാരണ്ടികൾ വായിക്കാം
1 വൈദ്യുതിയുടെ ഗ്യാരണ്ടി: രാജ്യത്തുടനീളം ആദ്യത്തെ 200 യൂണിറ്റുകൾ സൗജന്യമായി 24 മണിക്കൂർ വൈദ്യുതി വിതരണം.
2 വിദ്യാഭ്യാസത്തിന്റെ ഉറപ്പ്: എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസത്തിനുള്ള സംവിധാനം ഒരുക്കുമെന്നും സർക്കാർ സ്‌കൂളുകളെ സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ചതാക്കുമെന്നും വാഗ്ദാനം.
3 ആരോഗ്യത്തിന്റെ ഉറപ്പ്: സ്വകാര്യ ആശുപത്രികൾക്ക് തുല്യമായി സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും ഒരുക്കും.
4 ചൈനയിൽ നിന്ന് ഭൂമി തിരിച്ചു പിടിക്കുമെന്ന ഉറപ്പ് : ഇന്ത്യയുടെ ഭൂമി ചൈനയിൽ നിന്ന് മോചിപ്പിക്കും, സൈന്യത്തിന് സ്വതന്ത്ര കൈ നൽകും.
5 അഗ്‌നിവീർ പദ്ധതി അവസാനിപ്പിക്കുമെന്ന ഉറപ്പ്: മോദി സർക്കാർ ആരംഭിച്ച അഗ്‌നിവീർ പദ്ധതി നിർത്തലാക്കുന്നു.
6 എംഎസ്പിയുടെ ഉറപ്പ്: കർഷകർക്ക് പൂർണ താങ്ങുവില ലഭിക്കും.
7 സംസ്ഥാന പദവി ഉറപ്പ്: ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഉറപ്പാക്കും.
8 തൊഴിലുറപ്പ്: പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയിടുന്നു.
9 അഴിമതിക്കെതിരെ ഗ്യാരണ്ടി: അഴിമതിക്കാർക്ക് സുരക്ഷിതത്വം നൽകുന്ന നയം ഒഴിവാക്കി രാജ്യത്തെ അഴിമതിയിൽ നിന്ന് മോചിപ്പിക്കുമെന്ന വാഗ്ദാനം.
10 ജിഎസ്ടിയുടെ ഗ്യാരണ്ടി: ചരക്ക് സേവന നികുതി (ജിഎസ്ടി) ലഘൂകരിക്കാനുള്ള പദ്ധതികൾ
‘ഞങ്ങൾ രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി നൽകും. രാജ്യത്തിന് 3 ലക്ഷം മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്, എന്നാൽ ഉപയോഗം 2 ലക്ഷം മെഗാവാട്ട് മാത്രമാണ്. നമ്മുടെ രാജ്യത്തിന് ആവശ്യത്തേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ഇത് ചെയ്യും, എല്ലാ ദരിദ്രർക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകും,
എല്ലാവർക്കും നല്ലതും മികച്ചതുമായ സൗജന്യ വിദ്യാഭ്യാസം ഞങ്ങൾ ഒരുക്കും. സ്വകാര്യ സ്‌കൂളുകളേക്കാൾ മികച്ച വിദ്യാഭ്യാസം സർക്കാർ സ്‌കൂളുകൾ നൽകും. ഇതിനായി 5 ലക്ഷം കോടി രൂപ വേണ്ടിവരും. സംസ്ഥാന സർക്കാരുകൾ 2.5 ലക്ഷം കോടി രൂപയും കേന്ദ്ര സർക്കാർ 2.5 കോടി രൂപയും ഇതിനായി നൽകും.” കേജ്രിവാൾ വ്യക്തമാക്കി.
ഇതിനിടെ ജയില്‍ മോചിതനായി എത്തിയ കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. അദ്ദേഹത്തിന്റെ പര്യടനവും ജനപങ്കാളിത്തവും ഇന്ത്യ സഖ്യത്തിന് പുതുആവേശം പകര്‍ന്നിരിക്കുകയാണ്.