പ്രതിഷേധത്തിൽ പങ്കെടുക്കാൻ 70 സ്ത്രീകൾക്ക് 2,000 രൂപ വീതം നൽകിയെന്നു ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ
തൃണമൂൽ നേതാക്കൾക്കെതിരായ സന്ദേശ്ഖലി പീഡന കേസ് വ്യാജമെന്ന് തെളിയിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. പീഡനക്കേസ് ബി.ജെ.പി പടച്ചുണ്ടാക്കിയതാണെന്നു മെയ് ആദ്യവാരം വെളിപ്പെടുത്തിയ ബി.ജെ.പി സന്ദേശ്ഖലി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാലിന്റെ വീഡിയോ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്.
ഇതിൽ കേസിൽ അറസ്റ്റിലായ ഷാജഹാൻ ശൈഖ് ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ പ്രതിഷേധത്തിലേക്ക് ബി.ജെ.പി പണം നൽകി സ്ത്രീകളെ കൂട്ടമായി എത്തിച്ചുവെന്ന് ഗംഗാധർ കയാൽ പറയുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ 70 സ്ത്രീകൾക്ക് 2,000 രൂപ വീതം നൽകിയെന്നാണു പ്രധാന വെളിപ്പെടുത്തൽ.
വിഡിയോയിൽ ഗംഗാധറിന്റെ വാക്കുകൾ ഇങ്ങനെയാണ്:
”50 ബൂത്തുകളിലേക്കായി നമുക്ക് 2.5 ലക്ഷം രൂപ വേണം നമുക്ക്. ഇവിടെനിന്നു വരുന്ന പ്രതിഷേധക്കാരിൽ 30 ശതമാനവും സ്ത്രീകളായിരിക്കും. തൃപ്തികരമായ കാഷ് നൽകി എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാരെ കൂടുതലായി എത്തിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തിലും പ്രതിഷേധത്തിന്റെ മുൻനിരയിൽ പൊലീസുമായി ഏറ്റുമുട്ടേണ്ടത് സ്ത്രീകളായിരിക്കണം.”
വിഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതേക്കുറിച്ച് ഗംഗാധർ കയാലും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, പ്രചരിക്കുന്നതു വ്യാജ വിഡിയോ ആണെന്നാണ് ബി.ജെ.പി നേതൃത്വം വിശദീകരിക്കുന്നത്.
മേയ് ആദ്യത്തിൽ പുറത്തുവന്ന വിഡിയോയിലും സന്ദേശ്ഖലി പ്രതിഷേധങ്ങളെ കുറിച്ച് ഗംഗാധർ പറഞ്ഞത്, പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുവേന്ദു അധികാരിയാണ് സന്ദേശ്ഖലി ഗൂഢാലോചന മൊത്തം നടത്തിയതെന്നാണ്. സുവേന്ദു പറഞ്ഞിട്ടാണു പ്രതിഷേധങ്ങളെല്ലാം സംഘടിപ്പിച്ചതെന്നും ഇതിൽ പറയുന്നുണ്ട്.
ഗംഗാധറിന്റെ ആദ്യ വിഡിയോയ്ക്കു പിന്നാലെയാണ് കേസിൽ ഇരകളായിരുന്ന രണ്ടു സ്ത്രീകൾ മജിസ്ട്രേറ്റിനുമുൻപാകെ ഹാജരായി പരാതി പിൻവലിച്ചത്. കേസിൽ പറയുന്ന പോലെ തങ്ങൾ ലൈംഗികമായ പീഡനത്തിനൊന്നും ഇരയായിട്ടില്ലെന്ന് തന്റെയും ഭർതൃമാതാവിന്റെയും പേരിൽ ബി.ജെ.പി നേതാക്കൾ പടച്ചുണ്ടാക്കിയ പരാതികളാണെന്നും ദേശീയ വനിതാ കമ്മിഷൻ നേതാക്കൾ ഉൾപ്പെടെ ഇതിനായി വീട്ടിലെത്തിയിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അംഗമാക്കാമെന്നു പറഞ്ഞാണ് ഇവർ സമീപിച്ചത്. തൃണമൂൽ നേതാക്കൾക്കെതിരായ വ്യാജ പരാതിയായിരുന്നു ഇതെന്നു പിന്നീടാണു വ്യക്തമാകുന്നത്. ഇപ്പോൾ പരാതി പിൻവലിക്കാൻ തീരുമാനിച്ചതോടെ പലഭാഗങ്ങളിൽനിന്നും ഭീഷണി വരുന്നുണ്ടെന്നു പറഞ്ഞ് ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പീഡന പരാതിയിൽ പറയുന്ന ഒരു സംഭവവും നടന്നിട്ടില്ല. തൃണമൂൽ കോൺഗ്രസിന്റെ ഓഫിസിലേക്ക് രാത്രിസമയത്ത് ആരും തങ്ങളെ നിർബന്ധിച്ചു കൊണ്ടുപോയിട്ടില്ല. നേരത്തെ തയാറാക്കിയ വ്യാജ ആരോപണങ്ങളായിരുന്നു ഇതെല്ലാം. അത്തരത്തിലൊരു വ്യാജ പരാതിയുടെയും ഭാഗമാകാൻ തങ്ങൾക്കു താൽപര്യമില്ലെന്നു യുവതി വ്യക്തമാക്കി.
തൃണമൂൽ നേതാക്കൾ ഓഫിസിൽ കൊണ്ടുപോയും അല്ലാതെയും നിരന്തരം ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് സന്ദേശ്ഖലിയിലെ മൂന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്. ഇതിനിടെ കേസിൽ പ്രധാന പ്രതിയായ ശൈഖ് ഷാജഹാനെ ഇ.ഡി അറസ്റ്റ് ചെയ്തു. തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ കൂട്ടാളികളും തൃണമൂൽ നേതാക്കളുമായ ഷിബപ്രസാദ് ഹസ്‌റ, ഉത്തരം സർദാർ എന്നിവരെയും കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സന്ദേശ്ഖലി വിഷയം ഉയർത്തി ബംഗാളിലും രാജ്യത്തും ബിജെപി വലിയ പ്രചാരണമാണ് തൃണമൂൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ നടത്തുന്നത്.
സന്ദേശ്ഖലി പ്രധാനമന്ത്രി നുണ പ്രചരിപ്പിക്കുന്നു ; മമതാ ബാനർജി
പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശ്ഖാലിയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നത് തുടരുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഗവർണർ സിവി ആനന്ദ ബോസിനെതിരായ പീഡനാരോപണങ്ങളിൽ അദ്ദേഹം നിശബ്ദത പാലിക്കുകയും രാജിവെക്കാൻ ആവശ്യപ്പെടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും മമത ബാനർജി ചോദിച്ചു.
ബാരക്പൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നോർത്ത് 24 പർഗാനാസിലെ അംദംഗയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമതാ ബാനർജി. സന്ദേശ്ഖാലിയെക്കുറിച്ചുള്ള ”ബിജെപിയുടെ ഗൂഢാലോചന” പരസ്യമായതിൽ പ്രധാനമന്ത്രി ലജ്ജിക്കണമെന്ന് പറഞ്ഞു.
‘പ്രധാനമന്ത്രി ഇപ്പോഴും സന്ദേശ്ഖലിയെക്കുറിച്ച് നുണ പറയുകയാണ്. ബിജെപിയുടെ ഗൂഢാലോചന ഇപ്പോൾ പരസ്യമായതിനാൽ അദ്ദേഹം ലജ്ജിക്കണം,’ എഴുപതിലധികം സ്ത്രീകൾക്ക് 2000 രൂപ കൈപ്പറ്റിയതായി പ്രാദേശിക ബിജെപി നേതാവ് പറയുന്ന വീഡിയോയെ പരാമർശിച്ച് ബാനർജി പറഞ്ഞു.
രാജ്ഭവൻ ജീവനക്കാരിയുടെ പീഡനക്കേസിൽ കുറ്റാരോപിതനായ ഗവർണർക്കെതിരെ കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വം ബിജെപിയുടെ യഥാർത്ഥ സ്ത്രീ വിരുദ്ധ സ്വഭാവമാണ് കാണിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചു.