സിപിഐ എം 23–ാം പാർടി കോൺഗ്രസ് ഇന്നു സമാപിക്കും. സമാപന മഹാറാലി വൈകിട്ട് കണ്ണൂരിനെ ചെങ്കടലാക്കും. എ കെ ജി നഗറിൽ (കണ്ണൂർ ജവഹർ സ്റ്റേഡിയം) നടക്കുന്ന റാലിയിൽ ലക്ഷങ്ങൾ അണിനിരക്കും. ശനി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പ്രവർത്തകർ കണ്ണൂരിലേക്ക് എത്തിതുടങ്ങിയിരുന്നു. കണ്ണൂർ ജില്ല കേന്ദ്രീകരിച്ചാണ് റാലി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സംഘാടകരുടെ പ്രതീക്ഷക്കപ്പുറമുള്ള പ്രവർത്തകരുടെ ഒഴുക്കാണ് കാണുന്നത്.
പകൽ മൂന്നിന് ബർണശേരി നായനാർ അക്കാദമിയിൽനിന്ന് റെഡ് വളന്റിയർ മാർച്ച് ആരംഭിക്കും. 2000 ത്തിലേറെ വളണ്ടിയർമാരാണ് പരേഡിൽ അണിനിരക്കുന്നത്.ഇതിൽ 1000 വനിതകളാണ്. നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. പൊതുസമ്മേളനവും റാലിയും വീക്ഷിക്കാൻ നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ ബിഗ് സ്‌ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, മണിക് സർക്കാർ, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി എന്നിവർ സംസാരിക്കും.