Home LOCAL NEWS സബൈൻ ഹോസ്പിറ്റലിൽ രോഗിയുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കംസംഘർഷത്തിൽ കലാശിച്ചു

സബൈൻ ഹോസ്പിറ്റലിൽ രോഗിയുടെ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം
സംഘർഷത്തിൽ കലാശിച്ചു

0
sabine hospital

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിൽ ചികിത്സ തേടിയ പൂര്ണ ഗർഭിണിയായ യുവതിയെ പരിശോധിക്കുന്നത് വൈകിയെന്ന് ആരോപിച്ച് തർക്കം സംഘർഷാവസ്ഥയിലെത്തി. യുവതിയുടെ ബന്ധുക്കൾ മർദിച്ചതായി ആരോപിച്ച് ഡോക്ടർ ധർമ്മരാജ്, സി.ഇ.ഒ സാബു ജോർജ് എന്നിവർ മൂവാറ്റുപുഴ താലൂക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മൂവാറ്റുപുഴ പോലീസിൽ പരാതി നല്കി. ഗർഭസ്ഥ ശിശു മരണപ്പെട്ടതിനെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി യുവതിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവത്തിനു തുടക്കം.
സബൈൻ ഹോസ്പിറ്റലിൽ പരിചരണത്തിലിരുന്ന പുന്നോപ്പടി സ്വദേശിയായ യുവതിയെ പ്രസവത്തിനായി വരുന്ന 28 നാണ് അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചിരുന്നത്. ഇതിനിടെ ഗർഭസ്ഥ ശിശുവിന്റെ ചലനത്തിൽ അപാകം തോന്നിയ യുവതി ഭർത്താവിനോടൊപ്പം വെള്ളിയാഴ്ച പരിശോധനക്കായി ആശുപത്രിയിലെത്തി. 2.30 ഓടെ ഒ.പി. യിൽ എത്തിയെങ്കിലും തിരക്കുമൂലം ഒ.പി. ടിക്കറ്റ് ലഭിക്കാൻ അര മണിക്കൂർ വൈകിയെന്നും പിന്നീട് ഡോക്ടറെ കാണുന്നതിനു പരിശോധനക്കും വൈകിയെന്നുമാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. പതിവായി കണ്ടിരുന്ന ഗൈനക്കോളജിസ്റ്റ് സംഭവ സമയത്ത്‌ സ്ഥലത്തില്ലാതിരുന്നു. അടിയന്തര ചികിത്സ തേടിയ യുവതി ഒ.പി യിൽ ഡോക്ടറെ കാണുന്നതിനും ക്യൂനില്ക്കേണ്ടിവന്നുവെന്നും തുടർന്ന് ടെസ്റ്റുകൾ പൂർത്തിയാക്കി 5.30 ഓടെ കുട്ടിമരിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ആശുപത്രി അധികൃതരുടെ വിശദീകരണം

എന്നാൽ യുവതിക്ക് ചികിത്സ ന്ലകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ്് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. 2.30 ആശുപത്രിയിലെത്തിയ യുവതി ഒ.പി. ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണുകയായിരുന്നു. ഉടൻ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ അറിയുന്നതിനു സി.ടി.ജി സ്‌കാനും മറ്റും നിർദേശിച്ചു. സ്‌കാനിൽ കുട്ടി മരിച്ചതായി ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് രോഗികളുടെ ബന്ധുക്കൾ അടങ്ങുന്ന സംഘം ഡോക്ടറെ തടഞ്ഞുവച്ച് സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇതിനിടെ സി.ഇ.ഒ., സെക്യൂരിറ്റി ജീവനക്കാർക്കും മർദനമേറ്റു എന്നാണ് പരാതി. യുവതിയോട് കഴിഞ്ഞ ആഴ്ച അഡ്മിറ്റാകാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ അവരുടെ സൗകര്യപ്രകാരം 28 ലേക്കു മാറ്റുകയായിരുന്നുവെന്നും സി.ഇ.ഒ സാബുജോർജ് പറഞ്ഞു.

ജീവനക്കാരും രോഗിയുടെ ബന്ധുക്കളും തമ്മിൽ ഉന്തും തള്ളും ബഹളവും കേട്ട് നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പെടെ സ്ഥലത്ത് എത്തി. ഗർഭസ്ഥ ശിശു മരിച്ചതിനെ തുടർന്ന് ആറ് മണിയോടെയാണ് യുവതിയെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഗർഭസ്ഥ ശിശുവിന്റെ മരണകാരണം എന്തെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version