മൂവാറ്റുപുഴ : മേള ഫൈൻ ആർട്ട്‌സ് സൊസൈറ്റിയുടെ സുവർണ ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച കർണാടക കലാശ്രീ സത്യനാരായണ അവതരിപ്പിച്ച ഭരതനാട്യം ഹൃദ്യമായി.
ശ്രീരാമന്റെ മാതാവായ കൗസല്യയുടെ വാത്സല്യ ഭാവം, പിതാവായ ദശരഥനുമായിള്ള ആത്മബന്ധം, കൌശലക്കാരിയായ മന്ഥരയുടെ ഭാവവിശേഷങ്ങൾ, രാമഭക്തരായ ഗുഹൻ, ശബരി, ഹനുമാൻ തുടങ്ങിയവരുടെ ത്യാഗ-ഭക്തി ഭാവങ്ങൾ, പ്രധാന ശത്രുവായ രാവണനുമായുള്ള ഏറ്റുമുട്ടൽ എന്നിവയെ സമന്വയിപ്പിച്ച് ഒന്നേകാൽ മണിക്കൂർ വരുന്ന നൃത്തശിൽപം മനോഹരമായ ദീപവിന്യാസം കൊണ്ടും ശ്രദ്ദേയമായിരുന്നു. ഓരോ രംഗവും ഹർഷാരവത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഭരതനാട്യത്തിലെ പന്തനല്ലൂർ ശൈലി പിൻതുടരുന്ന സത്യനാരായണ രാജു സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവാണ്.
തിരുവനന്തപുരം സൂര്യയുടെ സഹകരണത്തോടെ നടത്തുന്ന ഒരു വർഷം നീളുന്ന പരിപാടികളുടെ ഭാഗമായാണ് നൃത്തം അരങ്ങേറിയത്.
മേള പ്രസിഡന്റ് സുർജിത് എസ്‌തോസ് സത്യനാരായണ രാജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി മോഹൻദാസ് എസ്., ജോയിന്റ് സെക്രട്ടറി കെ. ബി. വിജയകുമാർ, വൈസ് പ്രസിഡന്റ് പി. എം ഏലിയാസ്, ട്രഷറാർ വി. എ. കുഞ്ഞുമൈതീൻ, അഡ്വ. ഇബ്രാഹിം കരിം കെ. എച്ച്., മൃദുൽ ജോർജ്ജ് എന്നിവർ സംസാരിച്ചു. സുവർണ ജൂബിലി പരമ്പരയിലെ അടുത്ത പരിപാടി ഊരാളിയുടെ മ്യൂസിക് ബാന്റ് മാർച്ച് 22, ബുധനാഴ്ച നടക്കും.