Home NEWS INDIA ശാന്തിഗീതവുമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരിൽ

ശാന്തിഗീതവുമായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കാശ്മീരിൽ

bharath jodo yatra
File photo

സമാനാധത്തിന്റെ സന്ദേശവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിന്റെ മണ്ണിലും ആവേശമാകുന്നു. ഇന്നലെയാണ് യാത്ര ജമ്മുവിൽ പ്രവേശിച്ചത്. ജനുവരി 30 ന് ശ്രീനഗറിൽ സമാപിക്കുമ്പോൾ പ്രതിപക്ഷ ഐക്യത്തിന്റെയും ജനാധിപത്യ- മതേതര ഭാരതത്തിന്റെ വീണ്ടെടുപ്പിനുള്ള പോരാട്ടത്തിന്റെ ഊർജവുമാകുമെന്നാണ് വിലയിരുത്തൽ.

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല, പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് തരിഗാമി തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ യാത്രയുടെ ഭാഗമാകും. കർശന സുരക്ഷയാണ് യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ചിലയിടങ്ങളിൽ സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടെന്നും കാറിൽ സഞ്ചരിക്കണമെന്നും സുരക്ഷ ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ടെങ്കിലും കാൽനടയായിതന്നെ യാത്ര പൂർത്തീകരിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

സെപ്റ്റംബറിൽ കന്യാകുമാരിയിൽ ആരംഭിച്ച ഭാരത് ജോഡോ യാത്ര രാജ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായി മാറുകയായിരുന്നു. സ്വാത്രന്ത്ര്യത്തിന്റെ അവസാന നാളുകളിൽ അശാന്തിയുടെ ദിനങ്ങളിൽ മഹാത്മജി നടത്തിയ ശാന്തിയാത്രയെ സമരിക്കുന്നതാണ് ഭാരത് ജോഡോ
യാത്ര. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മാത്രമല്ല, സമൂഹത്തിന്റെ നാനാതുറയിലുള്ളവർ യാത്രയിൽ കണ്ണിയായതോടെ യാത്രയുടെ മുദ്രാവാക്യവും ലക്ഷ്യവും വിജയംവരിച്ചുവെന്ന് വ്യക്തമാണ്.
നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുല്ല രാഹുലിനെ സ്വാഗതം ചെയ്തു. ‘വർഷങ്ങൾക്ക് മുമ്പ് ശങ്കരാചാര്യർ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഇന്ന് നിങ്ങൾ അതാണ് ചെയ്യുന്നത്” ഫറൂഖ് അബ്ദുല്ല പറഞ്ഞു. മതത്തിൻറെ പേരിൽ ആളുകൾ ഭിന്നിച്ചിരിക്കുന്നതിനാൽ ഇന്നത്തെ ഇന്ത്യ രാമൻറെ ഭാരതമോ ഗാന്ധിയുടെ ഹിന്ദുസ്ഥാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.നമ്മൾ ഒരുമിച്ചാൽ ഇന്നത്തെ വെറുപ്പിനെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ കത്വയിലെ ഹത്ലി മോറിൽ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 125 ദിവസത്തിലേക്ക് കടന്ന യാത്രയിൽ 3400 കി.മി ദൂരമാണ് രാഹുൽ ഗാന്ധി താണ്ടിയത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version