കുമാരമംഗലം: വാക്കുകളില്‍ അഗ്നി പകര്‍ന്ന് ലഹരിക്കെതിരെയുള്ള ബോധവത്കരണം മുഖ്യപ്രമേയമാക്കി കുമാരമംഗലം എംകെഎന്‍എം സ്‌കൂള്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് വേറിട്ട അനുഭവമായി മാറുന്നു.സ്‌കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ടോ പതിവ് പ്രഭാഷണങ്ങളോ ഇത്തവണ ഇവിടെയുണ്ടായിരുന്നില്ല. വിദ്യാര്‍ഥികളെയും മുതിര്‍ന്നവരെയും സര്‍വനാശത്തിലേക്ക് നയിക്കുന്ന ലഹരിക്കെതിരെ മനുഷ്യമനസാക്ഷിയെ തട്ടിയുണര്‍ത്തുന്ന പ്രഭാഷണങ്ങളായിരുന്നു ഇത്തവണത്തെ പ്രത്യേകത. പോലീസിന്റെയും എക്‌സൈസിന്റെയും മന:ശാസ്ത്രജ്ഞന്റെയും ജീവിതാനുഭവങ്ങളില്‍ നിന്നു കോറിയെടുത്ത വാക്കുകള്‍ പങ്കെടുത്തവര്‍ക്ക് ലഹരിവിരുദ്ധ പോരാട്ടത്തില്‍ ഭാഗഭാക്കാകാനുള്ള പ്രേരണയും പ്രചോദനവുമായി. ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അബു എബ്രഹാം, ഡിവൈഎസ്പി.എം.ആര്‍.മധു ബാബു, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എം.സന്തോഷ് കുമാര്‍, മനഃശാസ്ത്ര വിദഗ്ധന്‍ ഡോ. കെ. സുദര്‍ശന്‍ എന്നിവരാണ് ലഹരിക്കെതിരെയുള്ള അനുഭവങ്ങള്‍ പങ്കുവച്ചത്.പിടിഎ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി സേവനമനുഷ്ടിച്ച കെ.അനിലിന് യാത്രയയപ്പും നല്‍കി. സ്‌കൂളിലെ എസ്പിസി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയ ഈ വര്‍ഷം പോലീസില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. കൃഷ്ണന്‍ നായര്‍, ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ സെക്രട്ടറി റഫീക്ക് പള്ളത്തുപറമ്പില്‍ എന്നിവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.മാനേജര്‍ ആര്‍. കെ. ദാസ് സ്വാഗതവും ഹെഡ്മാസ്റ്റര്‍ എസ്.സാവിന്‍ നന്ദിയും പറഞ്ഞു.