മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 1 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനുവരി ഒന്നിന് വൈകിട്ട് 7 ന് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര തന്ത്രി തരുണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് 8 ന് വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര സംഗീത ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കഥകളി, സോപാന സംഗീതം. നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന, പള്ളിവേട്ട, വലിയകാണിക്ക എന്നിവ നടക്കും. അഞ്ചാം ദിവസം വൈകിട്ട് 4 ലാണ് മൂവാറ്റുപുഴ പൂരവും കുടമാറ്റവും. പാമ്പാടി രാജൻ തിടമ്പേറ്റുന്ന പൂരത്തിൽ അഞ്ച് ആനകൾ അണിനിരക്കും. പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ നാൽപതിൽ പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും നടക്കും. ആറാംദിവസം രാവിലെ 7 ന് ക്ഷേത്രകടവിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് ആറാട്ടിനു ശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ച് എഴുന്നള്ളിപ്പ്, കൊടിമരചുവട്ടിൽ പറവയ്പ്, 10 ന് കൊടിയിറക്കോടെ ഉത്സവം സമാപിക്കും. എല്ലാ ദിവസവും സാധാരണ പൂജകൾ കൂടാതെ കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ചുറ്റുവിളക്ക്, പറവഴിപാടുകൾ ഉണ്ടാകും.
മഹാദേവന്റെ തിടമ്പിൽ ചാർത്തുന്നതിന് നിർമ്മിച്ച സ്വർണ്ണ ഗോളക, ശ്രീകൃഷ്ണനും ശാസ്താവിനും ഓടിൽ നിർമ്മിച്ച പ്രഭാമണ്ഡലങ്ങൾ, പൂജയ്ക്കാവശ്യമായ വെള്ളിയിൽ തീർത്ത പാത്രങ്ങൾ എന്നിവ സമർപ്പണത്തിന് മുന്നോടിയായി ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച വൈകിട്ട് 5 വരെ ഭക്തജനങ്ങൾക്ക് ദർശിക്കുന്നതിനുള്ള സൗകര്യം ക്ഷേത്രം ഭാരവാഹികളായ ട്രസ്റ്റ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി ടി.ഇ സുകുമാരൻ, ട്രഷറർ രജ്ഞിത് കലൂർ, ട്രസ്റ്റ് അംഗങ്ങളായ പി.കെ സോമൻ, കെ.ബി വിജയകുമാർ, എൻ. ശ്രീദേവി ടീച്ചർ എന്നിവർ അറിയിച്ചു.