മാനന്തവാടി: വയനാട്ടിൽ മാവോയിസ്റ്റുകൾ കൂടുതൽ അക്രമാസക്തമാവുന്നു. കഴിഞ്ഞ ദിവസം കമ്പമലയിലെത്തി കെ.എഫ് ഡി സി ഓഫീസ് അടിച്ചു തകർത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ കമ്പമലയിലെത്തി കഴിഞ്ഞ ദിവസം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പൂർണ്ണമായും അടിച്ചു തകർത്തു. കമ്പമലയിലെത്തിയ ആയുധധാരികളായ സംഘം നാട്ടുകാരുമായും കോർത്തു. മാവോവാദി പശ്ചിമഘട്ട ചീഫ് കമാന്റന്റ് മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ആയുധ സംഘമാണ് അൽപ്പം മുമ്പ് വൈകുന്നേരം 6 മണിയോടെ കമ്പമലയിലെത്തിയത്.
നിരന്തരം മാവോവാദികൾ എത്തുന്ന പ്രദേശമായിട്ടും പ്രദേശത്ത് തണ്ടർബോൾട്ടിനെ സ്ഥിരമായി വിന്യസിക്കാത്തതിൽ പ്രദേശവാസികൾക്ക് ശക്തമായ പ്രതിഷേധമുണ്ട്. കാരണം ആയുധധാരികളായി എത്തുന്ന സംഘം പ്രദേശവാസികളെ ആയുധം കാണിച്ച് മൊബൈൽ ലാപ്റ്റോപ്പുകൾ ടോർച്ച് എന്നിവ ചാർജ്ജു ചെയ്യുകയും ഭക്ഷണസാധനങ്ങൾ വാങ്ങി കൊണ്ടുപോകുന്നതും പതിവാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി പോലീസും മാവോയിസ്റ്റുകളും ഒളിച്ചു കളിക്കുകയാണ്. പോലീസ് എത്തുമ്പോൾ മാറി നിൽക്കുന്ന മാവോവാദികൾ തൊട്ടടുത്ത മണിക്കൂറിൽ തന്നെ വീണ്ടും പ്രദേശത്ത് എത്തുന്നുണ്ട്. പോലീസിനെ പരമാവധി പ്രകോപിപ്പിക്കുന്ന സമീപനമാണ് മാവോയിസ്റ്റുകൾ നടത്തി വരുന്നത്. നേരത്തെ വൈത്തിരിയിൽ പോലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു.
കമ്പമല ശ്രീലങ്കൻ അഭയാർത്ഥികളെ പുനരധിവസിപ്പിച്ച പ്രദേശമാണ്. തമിഴ് നാട്ടുകരും ആദിവാസികളുമൊക്കെയാണ് ഇവിടെ താമസിക്കുന്നത്. നിരന്തരമായ ഇവരുടെ വെല്ലുവിളി പ്രദേശവാസികളെയും ഭയചകിതരാക്കുന്നുണ്ട്. പ്രദേശത്ത് രാത്രിയിലും തണ്ടർ ബോർട്ടും പോലീസും ശക്തമായ പരിശോധന നടത്തിവരികയാണ്.