ലഹരി ഉപയോഗത്തിനെതിരെ സർക്കാരിന്റെ നേതൃത്വത്തിൽ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിനൊപ്പം എക്സൈസ് വകുപ്പിന്റെ നടപടികളും ശക്തമാക്കി. കോട്ടയം എക്സൈസ് ഡിവിഷനിൽ ലഹരി ഇടപാടുകൾക്കെതിരെ എടുത്ത നടപടികളുടെ എണ്ണം ഗണ്യമായി വർധിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവാകട്ടെ തലേ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമായി. എംഡിഎംഎ പോലുള്ള പുതുതലമുറ രാസ ലഹരിമരുന്ന് 2021നെ അപേക്ഷിച്ച് മൂന്നിരട്ടിയോളമായി.കോട്ടയം ഡിവിഷനിൽ 12 മാസത്തിനിടെ 411 മയക്കുമരുന്ന് കടത്തു കേസുകൾ രജിസ്റ്റർ ചെയ്തു. 428 പേരെ അറസ്‌റ്റു ചെയ്‌തു. 2021ൽ 282 പേർ അറസ്റ്റിലായി. 15 ലക്ഷത്തോളം രൂപയുടെ എംഡിഎംഎയാണ് കഴിഞ്ഞ വർഷം പിടികൂടിയത്.ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ ശേഖരം കഴിഞ്ഞയാഴ്‌ച കോട്ടയം നഗരത്തിൽനിന്ന് പിടികൂടി.പിടികൂടിയ ഹഷീഷ് ഓയിലിന്റെ അളവും 2022ൽ നാലിരട്ടിയിലേറെ വർധിച്ചു. കഞ്ചാവ് കേസുകളിൽ 30 ശതമാനത്തിലേറെയാണ് വർധന. അബ്‌കാരി കേസുകളിൽ 1413 പേരെ അറസ്‌റ്റു ചെയ്‌തു. 2693 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. അബ്‌കാരി കേസുകളിൽ 23 വാഹനങ്ങളും മയക്കുമരുന്ന് കേസുകളിൽ 22 വാഹനങ്ങളും പിടിച്ചെടുത്തു.