എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായിരുന്ന കെ.കെ.മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിചേർക്കാൻ കോടതി നിർദേശം. മഹേശൻറെ ഭാര്യ ഉഷാദേവി ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നല്കിയ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ വെള്ളാപ്പിള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, മാനേജർ കെ.എൽ.അശോകൻ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്നായി ഹർജിയിലെ ആവശ്യം.
2020 ജൂൺ 13 നാണ് എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായായ കെ കെ മഹേശനെ യൂണിയൻ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാരണമെന്ന് സൂചിപ്പിക്കുന്ന 32 പേജുള്ള ആത്ഹമത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഐജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.