സെമിഫൈനലിൽ ക്രൊയേഷ്യയെ 3-0 ന് തകർത്ത് അർജന്റീന ഫൈനലിൽ. ലയണൽ മെസ്സി ജ്വലിച്ചുനിന്ന ലുസൈൻമൈതാനത്ത് ക്രൊയേഷ്യൻ പ്രതിരോധത്തിനു അർജന്റീനയെ പിടിച്ചുനിർത്താനായില്ല. 34-ാം മിനിറ്റിൽ പെനൽറ്റിയോടെ കുലുങ്ങിയ ക്രൊയേഷ്യക്കെതിരെ പിന്നീട് രണ്ടുഗോൾകൂടി വീണു. ജൂലിയൻ അൽവാരസാണ് ഇരട്ടഗോൾ (39-ാം മിനിറ്റ്, 69-ാം മിനിറ്റ്്) നേടിയത്.
പന്തുമായി മു്‌ന്നേറിയ ജൂലിയൻ അൽവാരസിനെ ബോക്‌സിനുള്ളിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി വിധിച്ചത്.
പെനൽറ്റി ക്ിക്കെടുത്ത മെസ്സി അനായാസം വലയിലാക്കി. ഇതോടെ ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്‌ക്കൊപ്പമെത്തി. എതിരാളികൾ വലക്കെട്ടിയതുപോലെ തടസ്സമായിട്ടും പൂട്ടുപൊളിച്ചു പുറത്തുകടക്കുന്ന മെസ്സി ആരാധകരെ ആവേശത്തിമിർപ്പിലാക്കി.
ആദ്യ പകുതിയിൽ പന്ത് ഏറിയ ഭാഗവും നിയന്ത്രണത്തിലായിരുന്ന ക്രൊയേഷ്യ അർജന്റീയെ ഞെട്ടിക്കുമോയെന്ന സംശയം നിലനിലക്കെയാണ് പെനൽറ്റിയിലൂടെ ചിത്രം മാറിത്തുടങ്ങിയത്. അൽവാരസ്സിന്റെ രണ്ടു ഗോളുകളും മെസ്സി ഒരുക്കിക്കൊടുത്ത പന്തിൽനിന്നാണെന്നത്‌സൂപ്പർതാരത്തിന്റെ തിളക്കം വർധിപ്പിച്ചു. ബ്രസീലിനെ അട്ടിമറിച്ച് സെമിയിലെത്തിയ ക്രോട്ടുകൾ ഗോൾ തിരിച്ചടിക്കാനുള്ള അടവുകൾ പതിനെട്ടും പയറ്റിയെങ്കിലും മെസ്സിപ്പടെയെ മറികടക്കാനാവാതെ വീണു. ഓരോനിമിഷവും ലാറ്റിൻ അമേരിക്കൻ പടയോട്ടം കൂടുതൽ കരുത്തുകാട്ടി മുന്നേറുന്ന കാഴ്ചയാണ് തെളിഞ്ഞത്.
4-4-2 ഫോർമേഷനിൽ എമിലിയാനോ മാർടിനെസ്, നഹുവേൽ മോളിനി, ക്രിസ്റ്റ്യൻറൊമേരോ, നികൊളാസ് ഓട്ടമെൻഡി, നികൊളാസ്
ടാഗ്ലിയാഫികോ, ഡി പോൾ, ലിയാൻഡ്രോ പരേഡേസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ, ലയണൽ മെസ്സി, ലോടറോ മാർടിനെസ് എന്നി ക്രമത്തിൽ അർജന്റീനയും
4-3-3 ഫോ?ർമേഷനിൽ ഡൊമിനിക് ലിവാകോവിച്,ജോസിപ് ജുറാനോവിച്, ജോസ്‌കോ ഗ്വാർഡിയോൾ, ലവ്‌റൻ, സോസ, ലുക മോഡ്രിച്, ബ്രോസോവിച്, മാറ്റിയോ കൊവാസിച്, പസാലിച്, ക്രമാരിച്, പെരിസിച് എന്നിവർ മറുഭാഗത്തുമായി അണിനിരന്നു
ഫ്രാൻസ്- മൊറോക്കോ മത്സര വിജയികളാകും ഫൈനലിൽ അർജന്റീനക്ക് എതിരാളികൾ.