തൊടുപുഴ: മുവാറ്റുപുഴ-തേനി റോഡിൽ പെരുമാംകണ്ടം മുതൽ ഈസ്റ്റ് കലൂർ- കോട്ടക്കവല വരെയുള്ള ഭാഗത്തെ പുനരുദ്ധാരണത്തിന് ബഡ്ജറ്റിൽ ആവശ്യമായ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിൽ കത്ത് നൽകിയതായി ഡീൻ കുര്യാക്കോസ് എം.പി.
സ്വാതന്ത്രത്തിൻറെ സുവർണ ജൂബിലി ആഘോഷവേളയിൽ പിജെ ജോസഫ് മന്ത്രിയായിരിക്കെ പ്രഖ്യാപിച്ച ഈ റോഡിൻറെ നിർമ്മാണം മൂവാറ്റുപുഴയിൽ നിന്ന് പെരുമാംകണ്ടം വരെ പൂർത്തിയായിരിക്കുകയാണ്. പെരുമാംകണ്ടത്ത് നിന്ന് പുറമ്പോക്ക് തിട്ടപ്പെടുത്തി അലൈൻമെൻറ് തയ്യാറാക്കേണ്ടതുണ്ട്. ഈ ഭാഗം റോഡ് നിർമ്മാണം പൂർത്തീകരിച്ചെങ്കിൽ മാത്രമേ മൂവാറ്റുപുഴയിൽ നിന്നും ആരംഭിച്ച പ്രവർത്തികൾക്ക് പ്രയോജനം ഉണ്ടാവുകയുള്ളുവെന്നും എം.പി. പറഞ്ഞു.
മുവാറ്റുപുഴയിൽ നിന്ന് ആരംഭിച്ച് തേനിയിൽ അവസാനിക്കുന്ന പ്രസ്തുത ഹൈവേ 185 കി. മി. ദൂരം വരുന്നതും ഏകദേശം നേർരേഖയിൽ പോകുന്നതും ആണ്. ഒരു ചങ്ങല 20.6 മീറ്റർ വീതി തുടക്കം മുതൽ ഒടുക്കം വരെ നില നിർത്തുന്ന റോഡാണ് ഇത്. രാജഭരണ കാലത്ത് തെക്കുംകൂർ വടക്കുംകൂർ രാജാക്കന്മാർ തമ്മിൽ അതിർത്തി തിരിച്ചിരുന്ന രാജപാതയാണ് ഇത്. കിടങ്ങും തൊണ്ടുമായി നിലനിന്നിരുന്ന ഈ പാത കോട്ട റോഡ് എന്ന പേരിലാണ് (SH 43) അറിയപ്പെടുന്നത്.