മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകവെ മരിച്ചു. പുതുശ്ശേരി പള്ളിപുറത്ത് സാലു (തോമസ് -50) ആണ് മരിച്ചത്.
ഇന്നു രാവിലെ സ്വന്തം പുരയിടത്തിൽ നില്ക്കുമ്പോഴാണ് കടുവയുടെ കടിയേറ്റത്. കാലിന്റെ തുടയെല്ലു പൊട്ടുകയും ശരീരമാസകലം പരിക്കും പറ്റിയിരുന്നു. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് കടുവയിറങ്ങിയത്. രാവിലെ പത്ത് മണിയോടെ പ്രദേശവാസിയായ നടുപ്പറമ്പിൽ ലിസിയാണ് വാഴത്തോട്ടത്തിന് സമീപം ആദ്യം കടുവയെ കണ്ടിരുന്നു. വെള്ളമുണ്ടയിൽ നിന്നുള്ള വനപാലക സംഘമടക്കമുള്ളവർ സ്ഥലത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് തോമസിനു കടിയേറ്റത്. തോമസിന്റെ മരണത്തിൽ കൃത്യസമയത്ത് ചികിത്സ നല്കുന്നതിൽ മാനന്തവാടി മെഡിക്കൽ കോളജ് അധികൃതർക്ക് വീഴ്ചയുണ്ടായെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. രാവിലെ തിരച്ചിൽനടത്തിയ വനപാലക സംഘം ഇടയ്ക്ക് തിരിച്ചുപോയതിൽ നാട്ടുകാരും പ്രതിഷേധിച്ചുയ
കടുവ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നേരത്തെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ആളുകളോട് പരമാവധി പുറത്തിറങ്ങാതിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈകുന്നേരത്തോടെ പ്രദേശത്ത് കൂടു സ്ഥാപിക്കും