പാലക്കാട്: ജില്ലയില്‍ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്ന സാഹചര്യത്തില്‍ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ പുതുതായി ആര്‍.ആര്‍.ടികള്‍ വേണമെന്നാവശ്യം ശക്തമാകുന്നു. നാട്ടുകാര്‍ക്ക് ശല്യക്കാരായ, കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാന്‍ നിയമതടസങ്ങളും നിലവിലുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ജില്ലയുടെ വിവിധപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ദ്രുതകര്‍മസേനകള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. അകത്തേത്തറ ധോണി, മുണ്ടൂര്‍ മേഖലയില്‍ സ്ഥിരം ശല്യക്കാരനായ പി.ടി സെവന്‍ എന്ന് വിളിക്കുന്ന ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികളിലാണ് വനംവകുപ്പ്. 34 ഓളം ആനകള്‍ ഈ പ്രദേശത്ത് വിഹരിക്കുന്നുണ്ട്. പക്ഷെ ഈ ആനയെപ്പിടിച്ചതുകൊണ്ടു മാത്രം പ്രശനം തീരാനിടയില്ല. തല്‍ക്കാലം ആ പ്രദേശങ്ങളില്‍ ശല്യം കുറയുമെങ്കിലും ശ്വാശതപരിഹാരം ഉണ്ടാവാനിടയില്ല. വാളയാര്‍, നെന്മാറ, മണ്ണാര്‍ക്കാട്,അട്ടപ്പാടി മേഖലയില്‍ കൂട്ടമായിറങ്ങുന്ന ആനകളെയെല്ലാം ഇതുപോലെ പിടികൂടി കൂട്ടിലടക്കേണ്ടിവരും.ഇതിനായി സര്‍ക്കാരിന് കോടികള്‍ ചെലവിടേണ്ടുന്ന അവസ്ഥയുണ്ടാകും.
കാട്ടാനകളില്‍ നിന്നാണ് ഏറ്റവും അധികം ഭീഷണി നേരിടുന്നത്. സോളാര്‍ ഫെന്‍സിങുകള്‍, തൂക്കുവേലി, കിടങ്ങുകള്‍ മുതലായവ നിര്‍മിക്കുന്നുണ്ടെങ്കിലും ഇവയൊന്നും പൂര്‍ണതോതില്‍ ഫലപ്രദമല്ല. മനുഷ്യവന്യജീവി സംഘര്‍ഷങ്ങള്‍ അന്തിമമായി പരിഹരിക്കുക എന്നത് അസാധ്യമാണെങ്കിലും പൊതുജനങ്ങളുടെയും പൊലീസ്, കൃഷി, തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, ഇതര വകുപ്പുകള്‍ എന്നിവരുടെ സഹായത്തോടു കൂടിയും കൂടുതല്‍ കുങ്കിയാനകളെ വിന്യസിച്ചും ഈ പ്രശ്‌നം ഒരു പരിധി വരെ ലഘൂകരിക്കാന്‍ കഴിയും.
അടിയന്തരമായി ആര്‍. ആര്‍.ടികള്‍ തുടങ്ങണം
ജില്ലയില്‍ വനംവകുപ്പിന് ഇപ്പോള്‍ ഒലവക്കോട് കേന്ദ്രീകരിച്ച് ദ്രുതകര്‍മസേനയും മണ്ണാര്‍ക്കാട്ട് ഒരു താല്‍ക്കാലിക ദ്രുതകര്‍മസേന സംവിധാനവും മാത്രമാണ് ഇപ്പോഴുള്ളത്. വന്യമൃഗശല്യം കൂടുതലുള്ള വാളയാര്‍, കൊല്ലങ്കോട്, മണ്ണാര്‍ക്കാട്, അഗളി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നാല് ആര്‍.ആര്‍.ടികള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഇവയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചു കാട്ടിലേക്ക് കയറ്റിവിടാന്‍ കഴിയും. തകര്‍ന്നു കിടക്കുന്ന സൗരോര്‍ജവേലികളുടെയും കിടങ്ങുകളുടെയും അറ്റകുറ്റപണികള്‍ യഥാസമയം നന്നാക്കാത്തതിനാലാണ് കൂടുതല്‍ മൃഗങ്ങളും നാട്ടിലിറങ്ങുന്നത്. ഇവയൊക്കെ അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ ദ്രുതകര്‍മ സേനയിലെ ജീവനക്കാരെ ഉപയോഗപ്പെടുത്താനും കഴിയും. ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമില്ല. ഒരു ഡെപ്യൂട്ടി റെയ്ഞ്ചര്‍, രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് ബി.എഫ്.ഒമാര്‍, നാലു വാച്ചര്‍മാര്‍,നാല് താല്‍ക്കാലിക വാച്ചര്‍മാര്‍ എന്നിവരുടെ സേവനമാണ് വേണ്ടിവരുന്നത്. നാല് ആര്‍.ആര്‍.ടികളിലേക്കു വേണ്ടി 68 പേരുടെ സേവനം വേണ്ടി വരും. സര്‍ക്കാര്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി 500 ആദിവാസികളെ ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയിലേക്ക് അറുപതുപേരുടെ സേവനം ലഭ്യമാവും. ജില്ലയില്‍ അടിയന്തിരമായി വാളയാര്‍ റെയ്ഞ്ചിലും നെന്മാറ ഡിവിഷനിലും മണ്ണാര്‍ക്കാട് ഡിവിഷനിലെ മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നാലു ആര്‍.ആര്‍.ടി യൂണിറ്റുകള്‍ ജില്ലയില്‍ രൂപീകരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ സര്‍ക്കാരിലും വകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കിയിരിക്കുകയാണ്………