കൽപ്പറ്റ: ഇരുട്ടായിട്ടും രണ്ടാം ദിവസവും തിരച്ചിലവസാനിപ്പിക്കാതെ ദൗത്യസംഘം മണ്ണിനടിയിൽ ജീവൻ്റെ തുടിപ്പുണ്ടോ എന്ന് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. 250 പേരുടെ മരണം സ്ഥിരീകരിച്ചു.
രക്ഷാപ്രവർത്തകർ ചെളിയിലും കെട്ടിടങ്ങളിലും പുതഞ്ഞു പോയ മൃതദേഹങ്ങൾ രാത്രിയിലും എത്തിച്ചു കൊണ്ടിരിക്കുകയാണ്. നിലമ്പൂർ ഭാഗത്തുനിന്നുമുള്ള മൃതദേഹങ്ങൾ എത്തുമ്പോൾ ബന്ധുക്കൾ അലമുറയിട്ടു കരയുകയാണ്. മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകി ചീർത്തു പോയതിനാൽ പലർക്കും ഉറ്റവരെ തിരിച്ചറിയാൻ കഴിയുന്നില്ല പല ശരീരങ്ങളുടെയും അവയവങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ് മൃതദേഹങ്ങൾ.
94 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മണ്ണിനടിയിൽ ഇപ്പോഴും ഇരുന്നൂറിലേറെ പേർ ഉണ്ടെന്നാണ് നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഏറെ വേദനാജനകം. ഉറ്റവരുടെ ശരീരങ്ങൾ നോക്കാനാവാതെ കൈയ്യിലുള്ള ഫോട്ടോ മറ്റുള്ളവരെ കാണിച്ച് നിങ്ങൾ ഒന്ന് നോക്കാമോ എന്നാണ് പലരും വേദനയോടെ അപേക്ഷിക്കുന്നത്. ശരീരങ്ങൾ സൂക്ഷിച്ച ആശുപത്രിമുറ്റത്ത് കാണുന്നതൊന്നും സഹിക്കാനാവുന്നതല്ല.