Home NEWS KERALA മകന്റെ ബിജെപി പ്രവേശം വേദനിപ്പിക്കുന്നു ; മോദി സർക്കാർ മതേതരത്വവും ഐക്യവും തകർക്കുന്നു ആന്റണി

മകന്റെ ബിജെപി പ്രവേശം വേദനിപ്പിക്കുന്നു ; മോദി സർക്കാർ മതേതരത്വവും ഐക്യവും തകർക്കുന്നു ആന്റണി

മകൻ അനിലിന്റെ ബി.ജെ.പി പ്രവേശം വേദനയുണ്ടാക്കിയെന്ന് എ.കെ ആന്റണി. അതൊരു തെറ്റായ തീരുമാനമാണ്. മതേതരത്വവു ബഹു സ്വരതയും തകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അവസാന ശ്വാസംവരെ ബിജെപിക്കെതിരെ നിലനിലക്കുമെന്നും എ.കെ.ആന്റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘അനിലിന്റെ തീരുമാനം തീർച്ചയായും വേദനയുണ്ടാക്കി. അതൊരു തെറ്റായ തീരുമാനമായിരുന്നു. ഇന്ത്യയുടെ ഐക്യം ബഹുസ്വരതയിലും മതേതരത്വത്തിലും ഊന്നിയുള്ളതാണ്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം രാജ്യം കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ തുടർച്ചയായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ഇത് സാവകാശമാണ് നടന്നതെങ്കിൽ 2019ൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യം ഏകത്വത്തിലേക്ക് നീങ്ങണം എന്ന ഉറച്ച നിലപാടിലാണ് കാര്യങ്ങളുടെ പോക്ക്. ഫലമോ, രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു. ആപത്താണ് ഇത്. അവസാനശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും.

സ്വാതന്ത്രത്യസമരകാലം മുതൽ ജാതിയോ മതമോ ഭാഷയോ വർണമോ വർഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ടവരാണ് നെഹ്റു കുടുംബം. വിട്ടുവീഴ്ചയില്ലാതെ അതിന്നും തുടരുന്നു. ഇന്നും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങൾ. ഒരു ഘട്ടത്തിൽ ഇന്ദിരാ ഗാന്ധിയുമായി അകന്നു. ഒരിക്കൽ വിട്ടുപോയെങ്കിലും തിരിച്ചു വന്നപ്പോൾ അവരോട് ബഹുമാനമായിരുന്നു. എന്നും ആ കുടുംബത്തോടാണ് കൂറ്. ജീവിതത്തിന്റെ അവസാനകാലത്തേക്കാണ് കടന്നു പോകുന്നത്. എത്രനാളുണ്ടാകുമെന്ന് അറിയില്ല. പക്ഷേ എത്രകാലം ജീവിച്ചാലും മരിക്കുന്ന ഒരു കോൺഗ്രസുകാരനായിട്ടായിരിക്കും. ഇനിയൊരിക്കലും അനിലുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ല’. ആന്റണി പറഞ്ഞു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version