മൂവാറ്റുപുഴ: ഭിന്നശേഷിക്കാർക്ക് ഉല്ലാസ യാത്ര ഒരുക്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്.
ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുക്കിയിടാതെ അവരെ പുറം ലോകത്തേയ്ക്ക് എത്തിക്കുകയും ചലനശേഷിയും സംസാരശേഷിയും ഇല്ലങ്കിലും പുറംലോകത്തെ കാഴ്ചകൾ അവരെയും മോഹിപ്പിക്കുന്നതാണന്നും ഇത് മാതാപിതാക്കളിലൂടെ യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രോഫ. ജോസ് അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിക്കി അംഗീകാരം ലഭിക്കുന്നത്.
2022-23 വാർഷീക പദ്ധതിയിൽ പദ്ധതിയിൽ 2.50-ലക്ഷം രൂപ ഉൾപ്പെടുത്തി ഇത്തരം ഒരു പ്രൊജക്ട് ചെയ്യാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന് അനുമതി ലഭിക്കുന്നത്.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, വാളകം, ആരക്കുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളെയും അവരുടെ ഓരോ രക്ഷിതാവിനുമാണ് ഉല്ലാസ യാത്ര ഒരുക്കിയിരിക്കുന്നത്. 70- കുട്ടികളും 70-രക്ഷകർത്താക്കളും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഐ.സി.ഡി.എസ്.സൂപ്പർ വൈസർ അടക്കമുള്ള 200 പേരാണ് യാത്രക്കായി ഒരുങ്ങുന്നത്.