ഗ്രൂപ് ജിയിലെ അവസാന റൗണ്ട് പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണ്‍ ബ്രസീലിനെ അട്ടിമറിച്ചു. ജയിച്ചെങ്കിലും പ്രീ കോര്‍ട്ടര്‍ കടക്കാനാവാതെ കാമറൂണ്‍ പുറത്തേക്ക്, സെര്‍ബിയയെ 2-3ന് വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിലേക്ക് കയറി. ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും ആറു പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്രസീല്‍ മുന്നിലെത്തി.
മൂന്നാമതുള്ള കാമറൂണിന് നാലു പോയന്റാണുള്ളത്. സമനിലയിലേക്കെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ അവസാന പകുതിയുടെ ഇന്‍ജുറി ടൈമിലാണ് (90+2ാം മിനിറ്റില്‍) ബ്രസീലിന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് കാമറൂണ്‍ വലകുലുക്കിയത്. വിന്‍സെന്റ് അബൂബക്കറാണ് കാമറൂണിനായി ഗോള്‍ നേടിയത്. വലതുവിങ്ങില്‍നിന്ന് ജെറോം എന്‍ഗോം എംബെകെലി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡ്ഡറിലൂടെ അബൂബക്കല്‍ വലയിലെത്തിച്ചു. ഗോള്‍ അടിച്ചതില്‍ ആവേശലഹരിയില്‍ ജഴ്‌സിയൂരിയ വിന്‍സെന്റ് അബൂബക്കര്‍ 93-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡില്‍ പുറത്താവുകയും ചെയ്തു.
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കിയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം മുന്‍കൈയുണ്ടായിരുന്നു. ബ്രസിലിനു പക്ഷേ അവസരങ്ങളൊന്നും ഗോള്‍ ആക്കാനായില്ല. പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയെയാണ് നേരിടേണ്ടത്. ഡിസംബര്‍ ആറിന് 12.30നാണ് മത്സരം. ഗ്രൂപ്പ് ജിയില്‍ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്സര്‍ലാന്‍ഡിന് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ നേരിടും.