അഹമ്മദാബാദ് : അറബിക്കടലിൽ രൂപംകൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് ബിപോർ ജോയ് ഗുജറാത്ത് തീരത്ത് കര തൊട്ടു. അർദ്ധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും. ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്.
മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശി അടിക്കുന്നത്. കാറ്റഗറി മൂന്നിൽ പെടുന്ന അതിതീവ്ര ചുഴലിക്കാറ്റ് എത്തുന്ന ബിപോർ ജോയിയുടെ സഞ്ചാര പാതയിൽ നിന്ന് ഒരു ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുജറാത്തിന്റെ തീരമേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മൂന്ന് സൈനിക വിഭാഗങ്ങളും സർവ്വ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
സൗരാഷ്ട്ര കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള പാക്കിസ്ഥാനിലെ മാണ്ഡവി കറാച്ചി പ്രദേശത്തിന് ഇടയിലും കാറ്റിന്റെ തീവ്രത അനുഭവപ്പെടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതൽ ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.