യു.പി.ഐ ഇടപാടിന് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം റിസർവ് ബാങ്കിന്റെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ധനകാര്യമാന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വിഷയത്തിൽ ഗൗരവമായി ഇടപെടും. സംസ്ഥാനത്ത് നിരവധി പേരുടെ അക്കൗണ്ട് മരവിപ്പിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
സാധാരണക്കാരുടെയടക്കം അക്കൗണ്ടുകൾ ഉൾപ്പെടെ മരവിപ്പിക്കുന്ന സംഭവം ഉണ്ട്. ഇക്കാര്യം കേന്ദ്രസർക്കാറുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ഗതിയിൽ തീവ്രവാദ ബന്ധമൊക്കെ ആരോപിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിക്കാറുള്ളത്. പക്ഷെ ഇവിടെ അത്തരം യാതൊരു പങ്കുമില്ലാത്ത സാധാരണ വ്യക്തികളുടെ അക്കൗണ്ടുകൾ വരെ മരവിപ്പിക്കപ്പെടുന്നു. ബാങ്കുകൾ എല്ലാം തന്നെ വിഷയത്തെ ഗൗരവമായി സമീപിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ഗുജറാത്ത് സൈബർ സെല്ലിലും മറ്റും പരാതിയുണ്ടെന്നു കാണിച്ചാണ് അക്കൗണ്ട് മരവിപ്പിക്കുന്നതെന്ന് അക്കൗണ്ട് ഹോൾഡർമാർ പറയുന്നു. കേരളത്തിൽ മാത്രം 2000 ലേറെ അക്കൗണ്ടുകൾ ഇത്തരത്തിൽ മരവിപ്പിക്കപ്പെട്ടെന്നാണ് സൂചന. ഇത്തരത്തിൽ കൂടുതലും ഫെഡറൽ ബങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഫെഡറൽ ബാങ്കിൽനിന്നു പണം പിൻവലിച്ച് മറ്റു ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ട്്.
സംശയാസ്പദമായി പണം എത്തിയെന്നു കാണിച്ചാൽ ആ അക്കൗണ്ട് മാത്രമല്ല. ആ അക്കൗണ്ടുമായി പണമിടപാടുള്ള എല്ലാ അക്കൗണ്ടും മരവിപ്പിക്കുന്നുവെന്നതാണ് ഗുരുതരമായ പ്രശ്‌നമാണ് ഉയർന്നിരിക്കുന്നത്. ചിലർ പരാതിക്കാരനെ കഠിന പ്രയ്തനത്തിലൂടെ കണ്ടെത്തി പണം നൽകി അക്കൗണ്ട് റീ ഓപൺ ചെയ്തതായും പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം ബാങ് വഴി സ്‌കൂൾ ഫീസ് അടച്ചതിനാൽ സ്‌കൂളിന്റെ അക്കൗണ്ട് മരവിപ്പിച്ചത് വാർത്തായായിരുന്നു. മലപ്പുറം ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൻറെ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് ആണ് മരവിപ്പിച്ചത്. ഫെഡറൽ ബാങ്കിൽ നിന്നാണ് രക്ഷിതാവ് ഗ്രാമീൺ ബാങ്കിലേക്ക് തുക ട്രാൻസ്ഫർ ചെയ്തത്. മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തതോടെയാണ് വിഷയം ചർച്ചയായത്.