ഗീതാദാസ്
തൊടുപുഴ : തൊടുപുഴ മുനിസിപ്പൽ ബസ്സ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യുഡിഎഫ് കൗൺസിലർമാർ കംഫർട്ട് സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ കൗൺസിലിന്റെ കാലത്ത് 2019 ഫെബ്രുവരി 9ന് തറക്കല്ലിട്ട കംഫർട്ട് സ്റ്റേഷൻ കെട്ടിടം നാലു വർഷത്തിനു ശേഷവും നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സനീഷ് ജോർജ് ചെയർമാനായിരുന്ന 25 മാസം കാലഘട്ടത്തിൽ ഈ പദ്ധതിയിൽ ഒരു നിർമ്മാണവും നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് നിർമ്മിച്ച കെട്ടിടം പണി പൂർത്തിയാകാതെ സ്മാരകമായി നിൽക്കുകയാണ്. നിർമ്മാണം പൂർത്തിയാകാതെ തന്നെ കോൺട്രാക്ടർക്ക് 55 ലക്ഷം രൂപയുടെ ബിൽ മാറി നൽകിയതിൽ ദുരൂഹതയുണ്ടെന്നും ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ഭരണ സ്തംഭനം ഉണ്ടായിരിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നോക്കുകുത്തിയായി നിൽക്കുന്ന കംഫർട്ട് സ്റ്റേഷനെന്ന് അവർ ആരോപിച്ചു. ധർണ്ണയിൽ കൗൺസിലർമാരായ കെ ദീപക്, അബ്ദുൽ കരീം, അഡ്വ. ജോസഫ് ജോൺ, ഷഹനാ ജാഫർ, റസിയ കാസിം, ഷീജ ഷാഹുൽ ഹമീദ്, നിസാ ഷക്കീർ, സാബിറ ജലീൽ, രാജി അജി തുടങ്ങിയവർ നേതൃത്വം നൽകി.