തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ESA പാരിസ്ഥിതിക ലോല മേഖല നിർണ്ണയിക്കുന്നതിൽ ജനവാസ മേഖലകളെ ഒഴിവാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ലോക്സഭയിൽ ആവശ്യപ്പെട്ടു. അനാവശ്യമായി സമയം ദീർഘിപ്പിച്ചാൽ ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയുണ്ടായതുപോലെ പ്രശ്നങ്ങൾ ഉണ്ടായേക്കാം. നിലവിൽ 2014 ൽ ഒന്നാമത്തെ കരട് വിജ്ഞാപനം വന്നതിന് ശേഷം, തുടരെ 4 കരട് വിജ്ഞാപനങ്ങൾ പുറത്തിറക്കി. നിലവിൽ 9993. 7 ച.കി.മീ ആണ് നിലവിൽ കേരളത്തിന്റെ ഇ.എസ്.എ ഭൂപരിധി ജനവാസ കേന്ദ്രങ്ങളെയും, കൃഷിസ്ഥലങ്ങളെയും പൂർണമായും ഒഴിവാക്കിയാണ് ഈ ഇ.എസ്.എ പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ വീണ്ടും കുറച്ച് കൂടി ഇ.എസ്.എ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സമയം ദീർഘിപ്പിച്ചാൽ ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടതുപോലെ ഈക്കാര്യത്തിലുമുണ്ടായാൽ ജനജീവിതം ദുസ്സഹമാക്കും. ആയതിനാൽ നിലവിൽ അന്തിമ വിജ്ഞാപനമിറക്കുന്നതിനായി പ്രത്യേക കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രസ്തുത കമ്മറ്റിയുടെ നേതൃത്വത്തിൽ എത്രയും പെട്ടെന്ന് ജനവാസ കേന്ദ്രങ്ങളെയും,കൃഷിസ്ഥലങ്ങളെയും ഒഴിവാക്കി അന്തിമ വിജ്ഞാപനമിറക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.
ബഫർ സോൺ വിഷയത്തിൽ, ജനവാസ കേന്ദ്രങ്ങളെ ഉൾക്കൊള്ളിച്ച് സംസ്ഥാന സർക്കാർ സാറ്റലൈറ്റ് സർവ്വേ പൂർത്തീകരിച്ചത് പ്രതിക്ഷേധകരമാണ്. ഫിസിക്കൽ വേരിഫിക്കേഷൻ നടത്തി , ബഫർ സോണിൽ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. ഇടുക്കിയിൽ വിവിധ മേഖലകളിലായി , 20 ലധികം വില്ലേജുകൾ ഈ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ഒഴിവാക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു. ഈ വിഷയം ചൂണ്ടികാണിച്ചും, മതികെട്ടാൻ ചോലയിൽ അന്തിമ വിജ്ഞാപനം പ്രഖ്യാപിച്ചിരിക്കുന്നത് റദ്ദു ചെയ്യണമെന്ന് ആവശ്യപെട്ടും മന്ത്രി ഭുവേന്ദ്ര യാദവിനെ നേരിൽ കണ്ടു. ഇക്കാര്യങ്ങൾ അനുഭാവ പൂർണ്ണം പരിഗണിക്കാമെന്നും ഇ.എസ്.എ പ്രദേശവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പു നൽകി.