
ആഗോള കത്തോലിക്കാ സമൂഹത്തിന്‍റെ വലിയ ഇടയൻ ഫ്രാൻസീസ് മാർപാപ്പ (88) കാലം ചെയ്തു. ഇന്നു രാവിലെ റോമിലെ സമയം 7.35 നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ ഔദ്യോഗിക പ്രസ്‍താവനയിൽ അറിയിച്ചു.
അർജന്‍റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പ് ആയിരുന്ന അദ്ദേഹം 2013 മാർച്ച് 13 നാണ് മാർപാപ്പയായത്. ഈശോസഭാംഗമായ അദ്ദേഹം കത്തോലിക്കാ സഭയുടെ 266-ആം മാർപാപ്പയാണ്. സഭക്കുള്ളിലും ലോകമാകെയും സമാധാനത്തിന്‍റെ ശബ്‍ദമായിരുന്ന അദ്ദേഹം യുദ്ധങ്ങൾക്കെതിരെ എന്നും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈസ്റ്റർ ദിന സന്ദേശത്തിലും ഈ നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.