പോക്സോ കേസിൽ മോൻസൺ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 പിഴയും ശിക്ഷ. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. 2019-ൽ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് വിധി. മോൻസണെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.
ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ 2021 സെപ്റ്റംബർ 25-ന് അറസ്റ്റിലായ ശേഷമാണ് പീഡന കേസുകൾ പുറത്തുവന്നത്. 15 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.
പോക്സോ കേസിൽ 2022 ജൂൺ മൂന്നിനാണ് വിചാരണ തുടങ്ങിയത്. 2023 ഫെബ്രുവരി ഏഴിന് തെളിവെടുപ്പ് പൂർത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാർച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂർത്തിയായി. തുടർന്നാണ് ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2018 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. പിന്നീട് താൻ ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്ത് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്.