Home SOCIAL MEDIA പുലിപ്പേടിയിൽ ജീവിക്കുന്ന കുടുംബങ്ങൾ

പുലിപ്പേടിയിൽ ജീവിക്കുന്ന കുടുംബങ്ങൾ

കൽപ്പറ്റയിലെ ഷബ്‌ന ഷംസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കാട്ടുമൃഗങ്ങളുടെ ശല്യം വയനാടിനെ കൂടുതൽ ഭീതിപ്പെടുത്തുന്ന വാർത്തകളാണ് അനുദിനം കേൾക്കുന്നത്. യഥാർഥത്തിൽ ഓരോ കുടുംബവും അനുഭവിക്കുന്ന ദുരിതവും ഭയവും എന്താണെന്നു വരച്ചുകാണിക്കുന്നതാണ് കൽപ്പറ്റ സ്വദേശിനിയായ ഷബ്‌ന ഷംസുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ചെറുകാര്യങ്ങൾക്കുപോലും പുറത്തിറങ്ങാനാവാതെ ഭയപ്പെടേണ്ട അവസ്ഥ. ജീവിതത്തിലെ സന്തോഷങ്ങളുടെ തിളക്കങ്ങളെയെല്ലാം പുലിയുടെ പല്ലും നഖവും കെടുത്തി കളഞ്ഞുവെന്നാണ്് ഷബ്‌ന എഴുതുന്നത്. പരിസ്ഥിതി പ്രേമികൾക്കോ, സർക്കാരിനോ ഒന്നും ഈ ദുരിത ജീവിതത്തിന്റെ കാഠിന്യം മനസ്സിലാകണമെന്നില്ല. അത്രമാത്ര അരക്ഷിതാവസ്ഥയിലാണ് വനാതിർത്തി പ്രദേശത്തെ ജനം.

ഷബ്‌നയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണമായും വായിക്കാം

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
തണലു കിട്ടാൻ
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും’
നമ്മൾ ഓരോരുത്തരും കേട്ടിട്ടുണ്ടാകും ഈ കവിത, പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായും പ്രകൃതിയെ നോവിക്കുന്നേ എന്ന് വേവലാതിപ്പെടുന്ന പ്രക്ഷോഭങ്ങളുടെ ദേശീയ ഗാനമായും മിക്കപ്പോഴും ഈ കവിത ഉപയോഗിച്ച് കാണാറുണ്ട്.
വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെയുള്ള ചെറിയ ഒരു പ്രദേശത്താണ് ഞങ്ങളുടെ വീട്. റോഡിന്റെ ഒരു വശം മാത്രം വീടുകളും മറ്റേ വശം മുഴുവനായും കാപ്പിത്തോട്ടവുമാണ്. അധികവും കൂലിപ്പണിയെടുത്ത് ഉപജീവന മാർഗം കണ്ടെത്തുന്നവർ. അവനവന്റെ ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന, മറ്റുള്ളവരുടെ സുഖത്തിലേക്കും ദു:ഖത്തിലേക്കും അമിതമായി എത്തി നോക്കാത്ത ഒരു പറ്റം മനുഷ്യർ സാധാരണയിൽ സാധാരണമായി ജീവിച്ച് പോവുന്ന ഒരു ഇടം.
ഈ അടുത്ത കാലത്ത് ഒരു ചെറിയ കട വന്നത് ഒഴിച്ചാൽ അതിന് മുമ്പൊക്കെ ഒരു തീപ്പെട്ടിക്ക് വരെ രണ്ട് കിലോമീറ്ററിന്റെ ദൂരമായിരുന്നു.
മിക്കവാറും എല്ലാ വീടുകളിലും വളർത്തുമൃഗങ്ങളുണ്ട്. രാവിലെ റോഡ് നിറയെ സ്‌കൂളിലേക്ക് പോവുന്ന കുട്ടികളും ജോലിക്ക് പോവുന്നവരും കുറേ ചാണകവും കാണാൻ കഴിയും. തൊഴിലുറപ്പിന് പോവുന്നവർ, തോട്ടപ്പണിക്കാർ, അടുത്തുള്ള പുഴയിലെ തുരുത്തിൽ നീന്തൽ പഠിക്കാൻ വരുന്നവർ, ടാക്‌സി ഓടിക്കുന്ന ഡ്രൈവർമാർ, സ്വന്തമായി ചെറിയ സംരംഭങ്ങൾ തുടങ്ങിയവർ,
ഇതൊക്കെയാണ് ഞങ്ങളുടെ നാട്ടിലെ സ്ഥിരം കാഴ്ചകൾ.
ഈ അടുത്ത് എകദേശം ഒരു രണ്ട് മാസം മുമ്പാണ് എതിർവശത്തുള്ള കാപ്പിത്തോട്ടത്തിലെ കാവൽക്കാരൻ ജോയി ചേട്ടൻ ആദ്യമായി പുലിയെ കണ്ടെന്ന് പറയുന്നത്. അത് കഴിഞ്ഞ് രാവിലെ നടക്കാൻ പോയവരും ഫുട്‌ബോൾ കളി കണ്ട് തിരിച്ച് പോവുന്നവരും ഒരു മിന്നായം പോലെ കണ്ടു. കുട്ടിക്ക് ഭക്ഷണം കൊടുത്തോണ്ടിരിക്കുമ്പോ മുമ്പിലത്തെ വാഴ തോട്ടത്തിലേക്ക് പുലി കുറുകെ ചാടിയെന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അടുത്ത വീട്ടിലെ ചേച്ചിയുടെ നെഞ്ചില് കനം തിങ്ങുന്ന വർത്തമാനങ്ങള് കേട്ടപ്പോഴാണ് വന്യ മൃഗങ്ങൾക്ക് മനുഷ്യന്റെ സ്വസ്ഥത കെടുത്താൻ എത്രത്തോളം കഴിവുണ്ടെന്ന് മനസിലായത്.
അന്ന് മുതൽ അതി രാവിലെ പുറത്തെ വാഷ് ബേസിൽ പല്ല് തേക്കുന്നത് അകത്തേക്ക് മാറ്റി.
ജോലിക്ക് പോകുന്നത് ഓട്ടോയിലാക്കി.
മക്കളെ മുറ്റത്തിറക്കാതെ അകത്തിട്ട് പൂട്ടി.
ഇക്ക വന്ന് കേറുന്ന സമയം വരെ ആധി കേറി ദിഖ്‌റ് ചൊല്ലി.
രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പുറത്തെ ഓരോ ഇലയനക്കങ്ങളിലും പുലിയുടെ സാന്നിദ്ധ്യമായിരിക്കുമെന്ന് ആലോചിച്ച് വിറച്ച് കിടന്നു. മുറ്റത്തെ തൊഴുത്തിൽ നേരം വെളുക്കുവോളം വെളിച്ചം കത്തിച്ച് വെച്ചു.
മക്കളെക്കാൾ വളർത്തുമൃഗങ്ങളെ സ്‌നേഹിക്കുന്ന എമ്പത് വയസുള്ള വാപ്പ ഓരോ മണിക്കൂർ കൂടുമ്പോഴും തൊഴുത്തിലേക്ക് ടോർച്ച് അടിച്ച് നോക്കി കൊണ്ടിരുന്നു.
ജീവിതത്തിലെ സന്തോഷങ്ങളുടെ തിളക്കങ്ങളെയെല്ലാം പുലിയുടെ പല്ലും നഖവും കെടുത്തി കളഞ്ഞു. ഇത് ഞങ്ങളുടെ മാത്രം പ്രശ്‌നമല്ല. തിങ്ങിക്കൂടി ജീവിക്കുന്ന ജനവാസ പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും വനമേഖലയോട് ചേർന്ന് കിടക്കുന്ന ഭാഗങ്ങളിലും മനുഷ്യന്റെ ദൈനം ദിന ജീവിതത്തിൽ വന്യമൃഗങ്ങളിൽ നിന്നുള്ള ആക്രമണത്തിന്റെ ഭീതി കൂടി ഉൾപ്പെട്ടത് എത്ര പെട്ടെന്നാണ്.
പണ്ടൊക്കെ വയനാട്ടുകാർക്ക് ഉണങ്ങിയ കുരുമുളകും കാപ്പിക്കുരുവും അടക്കയും ഇഞ്ചിയും മഞ്ഞളും ഒക്കെ സൂക്ഷിക്കാൻ വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ പ്രത്യേകം ഒരു മുറി ഉണ്ടാവുമായിരുന്നു. ചുരത്തിന് താഴെ നാട്ടിൽ നിന്നൊക്കെ വിരുന്നുകാർ വന്ന് തിരിച്ച് പോവുമ്പോൾ വാഴക്കുലയും കപ്പയും ചേനയും ചേമ്പും ചീരയും പച്ചക്കറിയും കൊണ്ട് അവരുടെ വണ്ടി നിറക്കുമായിരുന്നു.
പണ്ടത്തെ വലിയ തറവാട്ടുകാരൊക്കെ പെൺമക്കളെ കല്യാണം കഴിപ്പിച്ച് വിടാനും ഉയർന്ന വിദ്യഭ്യാസം കൊടുക്കാനും ആൺമക്കൾക്ക് കച്ചവടം തുടങ്ങാനും ഭാവിയിൽ വിൽക്കാൻ വെച്ച കണ്ണായ സ്ഥലങ്ങളുണ്ടായിരുന്നു. ബഫർ സോൺ എന്നും പറഞ്ഞ് ഒരാള് പോലും തിരിഞ്ഞ് നോക്കാത്ത, ആനയും കുരങ്ങനും മയിലും മാനും കേറി മേയുന്ന, നട്ട് നനച്ച് ഒരു പച്ച മുളകിന്റെ തൈ വരെ വെക്കാൻ പറ്റാതെ, വന്യ ജീവികൾക്ക് എതിരെ പടക്കം പൊട്ടിച്ചും കല്ലെറിഞ്ഞും കാവൽ നിൽക്കുന്ന മനുഷ്യരെയാണിപ്പോൾ വയനാട്ടിൽ കൂടുതലും കാണാനുള്ളത്.
ഇനി ആദ്യ എഴുതിയ കവിത ഒന്നൂടെ വായിച്ച് നോക്കൂ,
‘ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ’
ഇവിടെ എങ്ങനെയാണ് ഞങ്ങളും അടുത്ത തലമുറയും ജീവിക്കുക. പ്രകൃതിയെയും വന്യ ജീവിയേയുമൊക്കെ സ്‌നേഹിക്കുമ്പോഴും നമ്മൾ മുന്നിൽ വെക്കേണ്ടത് ആദ്യം മനുഷ്യനെയല്ലേ, അവന്റെ അതിജീവനത്തെയല്ലേ..
കഴിഞ്ഞ വർഷം നായ്ക്കട്ടി വീട്ടിൽ കോഴിക്കോട് നിന്ന് വന്ന ഒരു കുടുംബക്കാരി വെല്ലിമ്മ പെട്ടെന്ന് ഒരു കടുവ മുന്നിലൂടെ മിന്നി മറിഞ്ഞപ്പോൾ ‘നോക്ക് … ഞമ്മളെ നാട്ടിലൊന്നും ഇല്ലാത്തെയ്റ്റാലൊരു നായി, മേത്ത് നെറച്ചും കറുപ്പ് വരയും ഒക്കെ ള്ളത്…’ എന്ന് പറഞ്ഞുവത്രേ. അത് അവർക്ക് കടുവയെ കണ്ടാൽ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല, അവരുടെ ആ പ്രായത്തിന് ഇടയിൽ കൺ മുന്നിൽ ഒരു കടുവ വരുമെന്ന് അവർ പ്രതീക്ഷിക്കുന്നു പോലും ഇല്ലാത്തത് കൊണ്ടാണ്.
കടുവയുടെ ഗർജ്ജനവും കേട്ട്, പൊന്നു മക്കളെ മാറോട് ചേർത്ത് ഒരു പറ്റം മനുഷ്യർ ഇവിടെ ജീവിക്കുന്നുണ്ട്. അവരോടുള്ള അനുകമ്പയും സ്‌നേഹവുമൊക്കെ കഴിഞ്ഞിട്ട് പോരെ വന്യ ജീവി പ്രണയവും പ്രകൃതി സ്‌നേഹവുമൊക്കെ.
ആനയും കടുവയുമൊക്കെ നാട്ടിലേക്ക് ഇറങ്ങുന്നത് മനുഷ്യൻ കാട് കയ്യേറിയത് കൊണ്ടൊന്നും അല്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും വനപാലകരുടെയും നിതാന്ത നിരീക്ഷണത്തിലുള്ള ഒരിടത്തേക്ക് എങ്ങനെയാണ് മനുഷ്യന് ഒളിച്ചു കയറാൻ കഴിയുക, ഭൂമി കയ്യേറാൻ കഴിയുക.
അതൊക്കെ പോട്ടെ, ഡാറ്റ വെച്ച് സംസാരിച്ച് നോക്കൂ, കേരളപ്പിറവിക്ക് ശേഷം ഇന്നത്തെ കണക്ക് എടുത്താൽ സംരക്ഷിത വനമേഖലയും ഫോറസ്റ്റ് കവറും ശതമാന കണക്കിൽ പോലും കൂടിയിട്ടേയുള്ളൂ.
വന്യ മൃഗങ്ങളുടെ എണ്ണം നോക്കൂ, ഇന്ന് കാട്ടു പന്നികൾ മൂലം കൃഷി നാശം വരുന്ന കർഷകരെ എവിടെ നോക്കിയാലും കാണാൻ പറ്റും, അത് വയനാട്ടിൽ മാത്രമല്ല, കേരളത്തിൽ എവിടെയും സ്ഥിതി അതാണ്. എന്നിട്ട് അതിനെ ഫലപ്രദമായി നേരിടാൻ ഭരണകൂടവും സോ കോൾഡ് പ്രകൃതി ആക്റ്റിവിസ്റ്റുകളും എന്താണ് ചെയ്തത്. വിദേശ രാജ്യങ്ങളിലൊക്കെ വന്യ ജീവികളെ ഒരു നിശ്ചിത എണ്ണം കഴിഞ്ഞാൽ കൊലപ്പെടുത്തുമെന്നും അവയുടെ ഇറച്ചിയും മറ്റും മനുഷ്യർക്ക് ഉപയോഗിക്കാൻ നൽകുമെന്നും കേട്ടിട്ടുണ്ട്. അവിടെ മനുഷ്യന് പ്രാധാന്യം കൊടുക്കുന്ന, അവന്റെ അതി ജീവനത്തിന് സഹായിക്കുന്ന നിയമങ്ങളാണ് ഉള്ളത്.
ഇവിടെ കൃത്യമായി ശാസ്ത്രീയമായി ഡാറ്റ വെച്ച് പോലും സംസാരിക്കുമ്പോൾ ഞാൻ കൊണ്ട വെയിലാണ് എനിക്ക് ഡാറ്റ എന്നും എന്റെ അനുഭവങ്ങൾ മാത്രമാണ് എനിക്ക് മുഖ്യം എന്നും ഒരു മനസ്സാക്ഷി കുത്തും ഇല്ലാതെ പറയുന്ന സാഹിത്യകാരന്മാരുണ്ട്. നിങ്ങൾ സേഫ് സോണിൽ ഇരുന്ന് തൂലിക പടവാളാക്കുമ്പോൾ ഈ ഭൂമിയിലേക്ക് ഒന്ന് വരണം, ഈ മണ്ണിൽ ഒന്ന് കാല് ചവിട്ടണം,
എന്നിട്ട് കടുവയാണോ മനുഷ്യനാണോ വലുതെന്ന് പറയണം.
നമ്മൾ ഒരു കാര്യം കാണുന്നതിന്റെ ‘ഉൾക്കാഴ്ച’ കൂടി പ്രധാനമാണ്. പ്രശസ്തമായ ഒരു വാചകം ഉണ്ട്, ‘Think globally, act locally’ എന്ന്. പരിസ്ഥിതി സംരക്ഷണ വിഷയത്തിലും നമ്മൾ എടുക്കേണ്ട നിലപാട് അത് തന്നെയാണ്. പരിസ്ഥിതി സംരക്ഷണം ഒരു ആഗോള വിഷയമാണ്, അതിന് ‘മരം വെപ്പ്’ മാത്രമല്ല പരിഹാരം.
കോഴിക്കോടോ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള ആകാശം മുട്ടേയുള്ള ഫ്ളാറ്റുകളിൽ ഇരുന്ന് ഒരു കുഴിയാനയെ പോലും കാണാൻ പറ്റാതെ ഇരിക്കുന്ന മനുഷ്യർക്ക്, പ്രാസമൊപ്പിച്ച് പാടാനും എഴുതാനും മാത്രമുള്ളതല്ല ഇവിടുത്തെ ജീവിതങ്ങൾ.
അങ്ങനെ എഴുതിയാൽ ദേ, ഇത് പോലെയൊക്കെ തന്നെ വരൂ..
‘ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു’.
ഈ മണ്ണും വായുവും പ്രകൃതിയും സംരക്ഷിക്കാൻ വേറെ ആരെക്കാളും മുന്നിൽ ഈ മനുഷ്യരുമുണ്ടാവും. കാൽപനികതയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് വരൂ പ്രകൃതി സ്‌നേഹികളേ..

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version