വാളയാര്‍ പീഡന കേസ് അന്വേഷണ സംഘം അമ്മയുടെ മൊഴിയെടുത്തു
പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സി.ബി.ഐയുടെ പുതിയ സംഘം അന്വേഷണം തുടങ്ങി. കൊച്ചി സി.ബി.ഐ യൂനിറ്റ് ഡിവൈ.എസ്.പി വി. എസ്.ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥ ഒരു അമ്മയായതിനാല്‍ ഒരു അമ്മയുടെ വേദന അവര്‍ക്ക് മനസിലാവും.അതുകൊണ്ട് മക്കളുടേത് കൊലപാതകമെന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം സി.ബി.ഐ സ്‌പെഷല്‍ ക്രൈം സെല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഓഗസ്റ്റ് 10നാണ് കേസില്‍ തുടരന്വേഷണത്തിന് പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് പറയുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് സി.ബി.ഐ കുറ്റപത്രത്തിലും ഉളളതെന്ന വിമര്‍ശനവും കുടുംബം ഉന്നയിച്ചിരുന്നു. തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുളള സി.ബി.ഐ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വേണമെന്ന ആവശ്യം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഉന്നയിക്കുകയും സി.ബി.ഐ ഡയരക്ടര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുടരന്വേഷണം നടത്തണമെന്നാണ് പാലക്കാട് പോക്‌സോ കോടതി ആവശ്യപ്പെട്ടിരുന്നത്.