തിരുവനന്തപുരം: പിരിച്ചുവിടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ സംസ്ഥാന ഭവന നിര്‍മാണബോര്‍ഡ് വീണ്ടും നിര്‍മിതിയിലേക്ക്. ബോര്‍ഡ് പിരിച്ചുവിടേണ്ടതില്ല എന്ന കുറിപ്പോടെ വിവാദ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചയച്ചതോടെയാണ് ഏറെനാളായി നിലനിന്ന അനിശ്ചിതത്വം ഒഴിവായത്.
ബോര്‍ഡിന് കീഴില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താനും മുഖ്യമന്ത്രി ഫയലില്‍ നിര്‍ദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലായി ബോര്‍ഡിന്റെ 126 ഏക്കറോളം വരുന്ന ഭൂമിയില്‍ വാണിജ്യസമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണം ആരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി ബോര്‍ഡ് പിരിച്ചുവിടുന്ന വക്കിലായിരുന്നു. ഒരു കാലത്ത് സര്‍ക്കാര്‍ നിര്‍മിതികളും മറ്റു ഭവനനിര്‍മാണങ്ങളും ബോര്‍ഡിന് കീഴിലാണ് നടന്നിരുന്നത്. പിരിഞ്ഞുകിട്ടാനുള്ള തുകകള്‍ വന്‍ കുടിശ്ശികയായതോടെ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താണതോടെ ജീവനക്കാര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായി. ഇതിനിടെ ബോര്‍ഡ് പിരിച്ചുവിട്ട് ജീവനക്കാരെ മറ്റു വകുപ്പുകളിലേക്ക് പുനര്‍വിന്യസിക്കണം എന്ന നിര്‍ദേശവും ഉയര്‍ന്നു.
ബോര്‍ഡിന്റെ ചുമതല വഹിക്കുന്ന മന്ത്രി കെ. രാജന്‍ അതു സമ്മതിച്ചില്ല. ബോര്‍ഡ് പിരിച്ചുവിടാവുന്നതല്ലേ എന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി എഴുതിയ കുറിപ്പിനെ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. മന്ത്രിസഭയും എല്‍.ഡി.എഫും കഴിഞ്ഞുമതി ഉദ്യോഗസ്ഥഭരണമെന്നും രാജന്‍ വിമര്‍ശിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അടങ്ങിയ ഫയല്‍ കഴിഞ്ഞദിവസം മുന്നില്‍ എത്തിയപ്പോഴാണ് ബോര്‍ഡ് തുടരേണ്ടതാണെന്ന് മുഖ്യമന്ത്രി കുറിച്ചത്. ദുര്‍ബല വിഭാഗങ്ങളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കുടിശ്ശിക എഴുതിത്തള്ളിയ ഇനത്തില്‍ ബോര്‍ഡിന് സര്‍ക്കാര്‍ 243.16 കോടി രൂപ നല്‍കാനുണ്ട്. ഇതില്‍ 20 കോടി രൂപ നല്‍കാന്‍ ധാരണയായിരുന്നു. 126 ഏക്കര്‍ ഭൂമിയും 40 വാണിജ്യ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 60 കെട്ടിടങ്ങളും അടക്കം 10,000 കോടി രൂപയുടെ ആസ്തി ഉള്ള സ്ഥാപനമാണ് ബോര്‍ഡ്.
എം.എന്‍ ലക്ഷംവീട് പദ്ധതിയിലെ ഇരട്ടവീടുകള്‍ ഒറ്റവീട് ആക്കുന്ന ‘സുവര്‍ണഭവനം’ പദ്ധതി ഉള്‍പ്പെടെ നടപ്പാക്കുന്നത് ബോര്‍ഡാണ്. വീണ്ടും നിര്‍മാണങ്ങളിലേക്ക് കടക്കുമ്പോള്‍ ബോര്‍ഡിന്റെ ഭൂമിയില്‍ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുറഞ്ഞചെലവില്‍ താമസിക്കാവുന്ന കെട്ടിടങ്ങള്‍, വാണിജ്യസമുച്ചയങ്ങള്‍ തുടങ്ങിയവയാവും നിര്‍മിക്കുക