കൽപ്പറ്റ : പേരിയ ചപ്പാരത്ത് പോലീസും തണ്ടർബോൾട്ടും മാവോവാദികളുമായി നടന്ന ഏറ്റുമുട്ടലിനിടെ പിടിയിലായ രണ്ട് മാവോയിസ്റ്റുകളെ കൽപ്പറ്റ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൽപ്പറ്റ എ.ആർ ക്യാമ്പിൽ നടന്ന ചോദ്യം ചെയ്യലിനു ശേഷമാണ് മാവോവാദികളെ വൻ പോലീസ് സന്നാഹത്തോടെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയത്. മാവോയിസ്റ്റ് പശ്ചിമഘട്ടം സോണിലെ ചന്ദ്രു , മായ എന്നിവരെയാണ് ഇന്നലെ പേരിയ ചപ്പാരത്ത് അനീഷ് എന്നയാളുടെ വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ പോലീസ് വീട് വളഞ്ഞത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല..ഇതിനിടയിൽ ഇരുവിഭാഗവും തുരുതുരാ വെടിയുതിർത്തു. ഒരു പുരുഷനും മൂന്ന് വനിതകളുമടങ്ങിയ മാവോവാദി സംഘത്തിൽ നിന്നാണ് രണ്ടു പേർ പിടിയിലായത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും എന്തെങ്കിലും വെളിപ്പെടുത്താൻ പിടിയിലായവർ തയ്യാറായില്ലെന്നാണ് വിവരം. ആയുധധാരികളായ രണ്ടു വനിതകളാണ് രക്ഷപ്പെട്ടത്. ഇവർക്കായി വ്യാപകമായി തിരച്ചിലാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി വടക്കെ വയനാട് പേരിയ, തലപ്പുഴ, മക്കിമല ആറാം നമ്പർ പേരിയ തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാവോവാദികൾ പ്രവർത്തനം സജീവമാക്കിയിരുന്നു. മക്കി മലയിൽ വനം വകുപ്പിന്റെ ഓഫീസ് അടിച്ചു തകർക്കുകയും ഓഫീസിൽ പോസ്റ്ററും മറ്റും പതിക്കുകയും ചെയ്തിരുന്നു. പിടിയിലായ സംഘത്തിൽ നിന്നും കിട്ടിയ സൂചനകൾ അനുസരിച്ചാണ് പോലീസ് നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.