പാകിസ്താനിലെ പെഷാവർ പള്ളിയിൽ നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനം നടത്തിയ ചാവേർഭീകരൻ എത്തിയത് പോലീസ് യൂണിഫോമിൽ. ഡി.എൻ.എ. പരിശോധനയിലൂടെ ഇയാളെ തിരിച്ചറിഞ്ഞെന്നും അന്വേഷണത്തിൽ ഇത് വഴിത്തിരിവാണെന്നും പോലീസ് അറിയിച്ചു. സംഭവത്തോടനുബന്ധിച്ച് ഒരു സ്ത്രീയെ അറസ്റ്റുചെയ്തിട്ടുമുണ്ട്.
പെഷാവർ നഗരത്തിൽ അതിസുരക്ഷാസന്നാഹമുള്ള പള്ളിയിലാണ് ചാവേർ ആക്രമണം നടന്നത്. അക്രമി യൂണിഫോം ധരിച്ചിരുന്നതിനാൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയില്ല. മരിച്ചവരിലേറെയും പോലീസുകാരാണ്. ഇരുനൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് യൂണിഫോം ധരിച്ച് ഒരു ബൈക്കിലാണ് ചാവേർ എത്തിയത്. ഇയാൾ ഹെൽമെറ്റും മുഖാവരണവും ധരിച്ചിരുന്നു. ഹെൽമെറ്റ് പള്ളിക്കു പുറത്തെ മതിലിൽവെച്ചശേഷം അകത്തെത്തി ഉച്ചനമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.