മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ശരിവച്ച് സുപ്രിം കോടതി. 2016ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനമാണ് സുപ്രിം കോടതി ശരിവെച്ചത്. ജസ്റ്റിസ് എസ്.എ. നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. നാല് ജഡ്ജിമാര്‍ നോട്ടു നിരോധനത്തെ അനുകൂലിച്ചപ്പോള്‍ ഒരാള്‍ വിയോജിച്ചു. ജസ്റ്റിസുമാരായ നസീര്‍, ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.
ജസ്റ്റിസ് നാഗരത്‌ന വിയോജിപ്പ് രേഖപ്പെടുത്തിയത്. കേന്ദ്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ആര്‍.ബി.ഐയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്നും രണ്ട് മുതല്‍ ആറു മാസം വരെ നീണ്ട ചര്‍ച്ചക്കൊടുവിലാണ് തീരുമാനമെന്നും ജഡ്ജിമാര്‍ നിരീക്ഷിച്ചു.
നിരോധനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച 58 ഹരജികളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഒരു രാത്രിയുണ്ടായ നിരോധനം മൂലം രാജ്യത്ത് വാണിജ്യ വ്യവസായ മേഖലയില്‍ വലിയ പ്രത്യാഖ്യാതമാണ് സൃഷ്ടിച്ചത്. നോട്ട് മാറിയെടുക്കാന്‍ ജനം വളരെയേറെ ദുരിതം സഹിച്ചു. നൂറോളം പേര്‍ ബാങ്കിനു മുന്നില്‍ ക്യൂനിന്ന് തളര്‍ന്ന് മരിച്ചു. കള്ളപ്പണം തടയാനാണ് നിരോധനം എന്നാണ് സര്‍ക്കാര്‍ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രധാന പ്രഖ്യാപനം.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, റിസര്‍വ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.
നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ചിദംബരം, ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാന്‍ സര്‍ക്കാറിന് സ്വന്തംനിലയില്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡിന്റെ ശിപാര്‍ശയില്‍ മാത്രമെ സാധിക്കൂവെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.