കണ്ണൂർ: ജാമ്യം നിഷേധിച്ച് ജയിലിലായ ദിവ്യയെ സംരക്ഷിക്കാൻ സി.പി.എമ്മിനുള്ളിൽ പ്രത്യേക സംഘം . ഇരക്കും വേട്ടക്കാരനുമൊപ്പമെന്ന പഴി കേട്ടുകൊണ്ടിരിക്കുന്ന സി.പി.എം എന്ത് വില കൊടുത്തും ദിവ്യയെ സംരക്ഷിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ പുല്ലിനും വകവെക്കാതെ കണ്ണൂർ ലോബിയുടെ സംരക്ഷണയിൽ ദിവ്യക്ക് വേണ്ടി ഏതറ്റം വരെയും പോകാനാണ് തീരുമാനം. ദിവ്യയുടെ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതൊക്കെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമായിരുന്നു.
ഇതിനിടെ ജാമ്യം ലഭ്യമാക്കാൻ സി.പി.എം നേതാക്കൾ തന്നെ ശക്തമായ കൂടിയാലോചനകൾ നടത്തിവരുന്നുണ്ട്. അധികം വൈകാതെ ജാമ്യം ലഭ്യമാക്കാനുള്ള എല്ലാ നീക്കങ്ങളും അണിയറയിൽ നടന്നു വരുന്നുണ്ട്.
കേസിൽ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. ആദ്യഘട്ടത്തിൽ
നവീൻബാബുവിന്റ കുടുംബത്തോടൊപ്പം ഉറച്ചുനിന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇപ്പോൾ തന്ത്രപരമായ നിലപാടിലേക്ക് മാറിയെന്നാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. കേസിൽ സർക്കാർ നിവപാടിനെ അഭിനന്ദിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി ഉദയഭാനു ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടു.
കേസിൽ സി.പി.എമ്മിന്റെ രണ്ട് ജില്ലാ കമ്മിറ്റികൾ രണ്ടു തട്ടിൽ എന്നത് സി.പി.എം സംസ്ഥാന കമ്മിറ്റിക്കും നേരത്തെ തല വേദനന സൃഷ്ടിക്കുന്നതായിരുന്നു.. വിഷയം ഉപതെരെഞ്ഞെടുപ്പുകളിൽ ബാധിക്കുമോയെന്ന ആശങ്കയാണ് ദിവ്യയുടെ അറസ്റ്റ് നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്.
ജാമ്യ ഹർജി പരിഗണിക്കവെ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമോ എന്ന് വ്യക്തമല്ല. നിലവിൽ ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരുന്നുണ്ട്.