ലോകകപ്പിലെ രണ്ടാം സെമിയിയിലെ വാശിയേറിയ പോരാട്ടത്തിൽ മൊറോക്കോയെ എതിരില്ലാതെ 2 ഗോളിന് തോല്പിച്ച് ഫ്രാൻസ് ഫൈനലിൽ.ആദ്യാവസാനം ലോക ചാംപ്യൻമാരെ വിറപ്പിച്ച്്് പോരാടിയ മൊരോക്കോക്ക് അവസരങ്ങളൊന്നും ഗോളാക്കി മാറ്റാായില്ല. ഫ്രാൻസിനായി തിയോ ഹെർണാണ്ടസ് (5-ാം മിനിറ്റ്), കോളോ മുവാനി (79-ാം മിനിറ്റ്) എന്നിവരാണ് ഗോൾ നേടിയത്.ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. സൂപ്പർ താരങ്ങളായ മെസ്സിയും എംബാപ്പെയും ഇരു ചേരിയിലായി അണിനിരക്കുന്ന തുല്യശക്തികളുടെ പോരാട്ടത്തിനാണ് വേദിയൊരു്ങ്ങിയിരിക്കുന്നത്.
ഡിസംബർ 17ന് മൂന്നാംസ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും.
അഞ്ചാം മിനിറ്റിൽ ആദ്യഗോൾ വീണതോടെ തെല്ലൊന്നു പതറിയ മോറോക്കോ തുടർന്ന് അടവുകൾ ഒന്നൊന്നായി മാറ്റി പരീക്ഷിച്ച് തിരിച്ചടിക്കായി മുന്നേറിയെങ്കിലും ഫ്രാൻസിന്റെ ഗോൾമുഖത്ത് അവസാനിക്കുന്നതാണ് കണ്ടത്. അൽബെയ്ത് സ്റ്റേഡിയത്തെ ചെങ്കടലാക്കിയ മൊറോക്കൻ ആരാധകരുടെ ചങ്കിൽ ഇടിത്തീപോലെ മൽസരം ആരംഭിച്ച് അഞ്ച് മിനിറ്റ് പൂർത്തിയാകും മുൻപേയായിരുന്നു തിയോ ഹെർണാണ്ടസ് ആദ്യ ഗോൾ നേടിയത്. .റാഫേൽ വരാനിൽ നിന്ന് അന്റോയ്ൻ ഗ്രീസ്മൻ വഴി ബോക്‌സിനുള്ളിൽ ലഭിച്ച പന്തിൽ കിലിയൻ എംബപെയുടെ തകർപ്പൻ ഷോട്ട് മൊറോക്കോയുടെ പ്രതിരോധം മറികടന്നു ബോക്‌സിന്റെ ഇടതുഭാഗത്ത് തിയോ ഹെർണാണ്ടസിന്റെ കാലിൽ എത്തി. പന്ത് വലയിലായത്് മൊറോക്കൻ ഗോളിക്ക് നോക്കി നില്ക്കാനെ സാധിച്ചുള്ളു.
ടൂർണമെന്റിൽ മൊറോക്കോ എതിർടീമിൽ നിന്നും വഴങ്ങുന്ന ആദ്യ ഗോളായിരുന്നു അത്. കനഡക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വീണ സെൽഫ് ഗോൾ മാത്രമായിരുന്നു ഇതുവരെ മൊറോക്കോ ഡെബിറ്റ് ലിസ്റ്റിലുണ്ടായിരുന്നത്.
ഒസ്മാൻ ഡെംബെലെയുടെ പകരക്കാരനായി കളത്തിലിറങ്ങിയ കോളോ മുവാനി 79-ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും നേടിയതോടെ മൊറോക്കൻ പ്രതീക്ഷകൾ അസ്തമിച്ചു. മൊറോക്കോ ബോക്‌സിനുള്ളിൽ കിലിയൻ എംബപെയിൽനിന്നു പന്തു ലഭിച്ച മുവാനി അത് അനായാസം വലയിലാക്കുകയായിരുന്നു. ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച് കടന്നുവന്ന മൊറോക്കോ സെമിയിൽ പുറത്താകുമ്പോഴും ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്കു നിരാശനല്കാത്ത വിധം ഫുട്‌ബോൾ കളത്തിൽ ഫുട്‌ബോൾ വസന്തം വിരിയിച്ചാണ് മൂ്ന്നാം സ്ഥാനത്തിനുവേണ്ടി കാത്തിരിക്കുന്നത്.