ജനവുരി 30 ന് ശ്രീനഗറിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിയുടെ മൊഴി എടുക്കാനുള്ള ഡൽഹി പൊലീസ് നീക്കം പരാജയപ്പെട്ടു. രണ്ട് മണിക്കൂറോളം കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം കാത്തുനിന്നുവെങ്കിലും പിന്നീട് പ്രതിഷേധം ഉയർന്നതോടെ മടങ്ങി.
ഡൽഹി പൊലീസിൻറെ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കോൺഗ്രസ്. അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെടുന്നതാണ് കേന്ദ്രസർക്കാരിനെ ചൊടിപ്പിക്കുന്നതെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. ഭയപ്പെടുത്താൻ സർക്കാർ നോക്കേണ്ടെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
അദാനി മോദി ബന്ധം ഉയർത്തിക്കാട്ടി പാർലമെൻറിൽ രാഹുൽഗാന്ധി നടത്തിയ പ്രസംഗമാണ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്നും വേണുഗോപാൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയെ ബിജെപിക്ക് ഭയമെന്ന് പറഞ്ഞ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടപടിയെ ഫാസിസമെന്ന് വിഷേഷിപ്പിച്ചു. പൊലീസ് നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. രാജ്യത്തെ സ്ത്രീകൾ ലൈംഗിക ചൂഷണത്തിനിരയാകുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.