ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിൽ തീവെയ്പ് കേസിൽ യുപി നോയിഡയിലെ കാർപെന്റർ ആയ ഷാരൂഖ് സെയ്ഫി അറസ്റ്റിൽ. മഹാരാഷ്ട്രയിൽ രത്‌ന ഗിരിയിൽനിന്നു ഇന്നു പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. കേന്ദ്ര ഇൻറലിജൻസ് ഏജൻസികളുടെ സഹായത്തോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയും ആർ.പി.എഫും ചേർന്നാണ് രത്നാഗിരിയിൽനിന്ന് പ്രതിയെ പിടികൂടിയതെന്നും, കേരള എ.ടി.എസിന് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചതായും മറ്റാരോ ആവശ്യപ്പെട്ടത് പ്രകാരമാണ് ട്രെയിനിൽ തീവെച്ചതെന്ന് പറഞ്ഞതായും എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. മഖത്ത് ഗുരുതരമായ പരിക്കും കാലിനു പൊള്ളലുമേറ്റ പ്രതി എങ്ങനെ പോലീസിന്റെ കണ്ണുവെട്ടിച്ച്്് 800 ലേറെ കിലോമീറ്റർ ദൂരെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ എത്തിയത് എന്നത് വ്യക്തമാക്കിയിട്ടില്ല.
ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു കാർപെന്റർ ആണ് ഷാരൂഖ് സെയ്ഫി. സ്വന്തം വീട് ഡൽഹി ഷഹീൻ ബാഗിലാണ്. ഏപ്രിൽ രണ്ടിന് മകനെ കാണാനില്ലെന്ന പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്തിയിരുന്നില്ലെന്ന് പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മകനെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് വന്നതെന്നാണ് കരുതിയതെങ്കിലും പിന്നീടാണ് എലത്തൂരിലെ തീപിടിത്തവുമായി ബന്ധപ്പെട്ടാണ് പൊലീസ് എത്തിയതെന്നു മനസ്സിലായത്. മകൻ തെക്കേ ഇന്ത്യയിലേക്കുപോകാൻ സാധ്യതയില്ലെന്നും പിതാവ് പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ ഡി. വൺ കോച്ചിൽ യുവാവു പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. സംഭവത്തിൽ രണ്ടുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ടു. മൂ്ന്നു സത്രീകൾ ഉൾപ്പെടെ 9 യാത്രക്കാർക്കു പരിക്കേറ്റു.
മരിച്ച യുവതിയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശിനി ഷുഹൈബ്- ജസീല ദമ്പതികളുടെ മകൾ സഹ്ല (രണ്ട് വയസ്), ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്‌മത്ത് (45), കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.
പ്രതിയുടേതെന്നു സംശയിക്കുന്ന ബാഗ് കണ്ടെടുത്തതും ബാഗിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ അറസ്റ്റിലായ പ്രതിയുടെ പേർ സംഭവ ദിവസംതന്നെ പ്രചരിച്ചിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലായി എന്നു റിപ്പോർട്ട് വന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു.