കോഴിക്കോട് ്: ടിപ്പു കോട്ടയിൽ ഉത്ഖനനത്തിനിടെ ടിപ്പുവിന്റെ കാലത്തെ വെടിയുണ്ടയും ഇരുമ്പിന്റെ തോക്ക്‌പോലുള്ള ആയുധഭാഗവും കണ്ടെത്തി. പുരാവത്തു വകുപ്പ് കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഈയത്തിൽ നിർമിച്ച വെടിയുണ്ടയും. ഇരുമ്പിൽ നിർമിച്ച ആയുധഭാഗമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
ടിപ്പുവിന്റെ ആയുധ പണിശാല നിലനിന്നിരുന്ന ഭാഗമായിരിക്കാം ഇതെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര പുരാവസ്തു വകുപ്പിൽനിന്ന് ലൈസൻസ് ലഭിച്ചതോടെ കഴിഞ്ഞ 21 നാണ് ടിപ്പു കോട്ടയിൽ ഉത്ഖനനം തുടങ്ങിയത്. കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനാണ് നടപടി. പുരാവസ്തുവകുപ്പ് ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ഉത്ഖനനം. നേരത്തെ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് ടിപ്പു കോട്ടയിൽ നടത്തിയ പരിശോധനയിൽ പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തിയിരുന്നു.
നേരത്തെ ബ്രിട്ടിഷ്, ചൈനീസ്, ജപ്പാൻ നിർമിത പിഞ്ഞാണപ്പാത്രങ്ങൾ, സെലഡൻ പാത്രക്കഷണങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. കൂടുതൽ വസ്തുക്കൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പുരാവസ്തു വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.