108 പരാതികള്‍ തുടര്‍നടപടികള്‍ക്ക് കൈമാറി
ഇടുക്കി: ജില്ലാ കളക്ടറുടെ ഇടുക്കി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ 53 പരാതികള്‍ പരിഹരിച്ചു. ആകെ 161 പരാതികളാണ് ലഭിച്ചത്. ഇതില്‍ 68 പരാതി കളക്ടര്‍ക്കും 77 എണ്ണം വിവിധ വകുപ്പുകള്‍ക്കും അദാലത്തില്‍ നേരിട്ട് ലഭിച്ചവയാണ്. ഇതോടൊപ്പം മുന്‍പ് ലഭിച്ച 16 അപേക്ഷകളും ഉള്‍പ്പെടെ 161 പരാതികളില്‍ 108 എണ്ണം തുടര്‍നടപടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് കൈമാറി.പട്ടയം, സര്‍വെ, റവന്യു റിക്കവറി, ബാങ്ക് ലോണ്‍ തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നും ഈ പരാതികളില്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും കളക്ടര്‍ പറഞ്ഞു. തത്സമയം പരിഹരിക്കാനാവാത്ത പട്ടയ-ഭൂപ്രശ്ന പരാതികള്‍ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വ്യക്തികളെയും ജില്ലാ നോഡല്‍ ഓഫീസറെയും അറിയിക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ചെറുതോണി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ റവന്യു, വനം, തൊഴില്‍, പഞ്ചായത്ത്, നഗരസഭ, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം, കെ എസ്.ഇ.ബി, പൊതുമരാമത്ത് തുടങ്ങിയവയടക്കം എല്ലാ വകുപ്പുകളുടെയും ഉള്‍പ്പെടെ 21 കൗണ്ടറുകള്‍ തുറന്നിരുന്നു. ഇതിന് പുറമെ പൊതുജനങ്ങളുടെ പരാതികള്‍ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാന്‍ ഹെല്‍പ്പ് ഡെസ്‌കും ഒരുക്കിയിരുന്നു.ഹരിതചട്ടം പാലിച്ച് നടത്തിയ അദാലത്തില്‍ വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് വേഗത്തില്‍ സേവനം ലഭിക്കാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വാത്തിക്കുടി സ്വദേശി ദേവസ്യ കുരുവിലങ്ങാട്ടിലിന് ആദ്യഗഡു ധനസഹായമായ അമ്പതിനായിരം രൂപ കളക്ടര്‍ അദാലത്തില്‍ വിതരണം ചെയ്തു. വോട്ടര്‍ ഐ.ഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനും അദാലത്തില്‍ അവസരം ഒരുക്കിയിരുന്നു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും കളക്ടര്‍ നടത്തുന്ന പൊതുജന പരാതി പരിഹാര അദാലത്തിന്റെ രണ്ടാം ഘട്ടമാണ് വ്യാഴാഴ്ച ഇടുക്കി താലൂക്കില്‍ സംഘടിപ്പിച്ചത്. ആദ്യഘട്ട അദാലത്ത് ഡിസംബര്‍ 19 ന് തൊടുപുഴ താലൂക്കില്‍ സംഘടിപ്പിച്ചിരുന്നു.
ജില്ലാ കളക്ടര്‍ക്കൊപ്പം എ ഡി എം ഷൈജു പി ജേക്കബ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ മനോജ്, ജോളി ജോസഫ്, എന്നിവര്‍ പരാതികള്‍ പരിഗണിച്ചു. ഇടുക്കി തഹസീല്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, ഇടുക്കി എല്‍ ആര്‍ തഹസില്‍ദാര്‍ മിനി കെ ജോണ്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. അദാലത്തില്‍ ഒട്ടേറെ പൊതുജനങ്ങളും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു