പ്രധാന മന്ത്രി നരന്ദ്ര മോദിയെ വിമർശിച്ചതിനു ജയിലിൽ ആയിരുന്ന ഗുജറാത്ത് എം.എൽ.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിക്ക് കോടതി ജാമ്യം നൽകിയ ഉടൻ വീണ്ടും അസം പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നു ഉച്ചകഴിഞ്ഞ് അസമിലെ കൊക്രജാർ കോടതിയാണ് മേവാനിക്ക് ജാമ്യം നൽകിയത്. എന്നാൽ, ജാമ്യം ലഭിച്ച് മിനിറ്റുകൾക്കകം അസമിലെ ബാർപേട്ട പൊലീസെത്തി അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. , എന്തിനാണ് അറസ്റ്റെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗുജറാത്തിലെ ജിഗ്നേഷ് മേവാനിയെ പാലംപൂരിൽനിന്ന് ഒരു സംഘം അസം പൊലീസെത്തി അറസ്റ്റ് ചെയ്തത്. ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദത്തിനും അഭ്യർഥിക്കണമെന്ന മേവാനിയുടെ ട്വീറ്റിനെതിരെ ബിജെപി പ്രാദേശിക നേതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പരാതിക്കാരനായ അസം സ്വദേശി അനുപ് കുമാർ പിന്നീട് ഇത് മോദിയെ വിമർശിക്കുന്ന എല്ലാവർക്കും ഉള്ള മുന്നറിയിപ്പാണെന്നു മാധ്യമങ്ങലോട് പറഞ്ഞതും വാർത്തയായിരുന്നു.
മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് ഇന്ന് കോടതിയിൽ ഹാജരാക്കിയതോടെയാണ് ജാമ്യം അനുവദിച്ചത്. രണ്ടാമതും അറസ്റ്റ് ചെയ്തത് കനത്ത പ്രതിഷേധത്തുനിടയാക്കിയിരിക്കുകയാണ്