വാറങ്കൽ : പത്താം ക്ലാസ് (എസ്എസ്സി) ബോർഡ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി പ്രചരിപ്പിച്ചുവെന്ന കേസിൽ തെലങ്കാന ബിജെപി അധ്യക്ഷനും കരീംനഗർ എംപിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിലായി. ബുധനാഴ്ച കരീംനഗറിലെ വസതിയിലെത്തിയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
വൈകിട്ട് വാറങ്കൽ കോടതിയിൽ ഹാജരാക്കി ഈ മാസം 19 വരെ റിമാൻഡ് ചെയ്തു. അറസ്റ്റിനു വഴങ്ങാതിരുന്നതോടെ വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. ചോദ്യക്കടലാസ് ചോർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണു കേസ്.
ചൊവ്വാഴ്ച എസ്എസ്സി ഹിന്ദി പരീക്ഷ നടക്കുന്നതിടെയാണു ചോദ്യക്കടലാസ് ഒരു വിദ്യാർഥിയുടെ വാട്‌സാപ്പിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. ഇതുമായി ബന്ധപ്പെട്ടു ഏതാനും പേർ അറസ്റ്റ്്ിലായി. കേസിൽ 10 പ്രതികളാണ് ഉള്ളത്.
തിങ്കളാഴ്ച പരീക്ഷ നടക്കുന്നതിനിടെ ഒരു സ്‌കൂളിൽ ഇൻവിജിലേറ്റർ ചോദ്യക്കടലാസിന്റെ ഫോട്ടോയെടുത്തു സഹഅധ്യാപകനു വാട്‌സാപിൽ പങ്കിട്ട സംഭവത്തിൽ 4 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു.
സഞ്ജയ് കുമാർ രണ്ടാം പ്രതിയുമായി നടത്തിയ വാട്‌സാപ് ചാറ്റ് ഇതിനു തെളിവായി. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം സഞ്ജയ്കുമാറിന്റെ വസതിയിലെത്തിയ പൊലീസിനെ തടയാൻ അനുയായികൾ ശ്രമിച്ചത് സംഘർഷമുണ്ടാക്കി.