Home NEWS KERALA ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

0

കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന വിഖ്യാതനടൻ ഇന്നസെന്റ്(75) അന്തരിച്ചു. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നെങ്കിലും ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗം കൂടിയാണ് ഇന്നസെന്റ്.

അറുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ്. വിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. സത്യൻ അന്തിക്കാട്, ഫാസിൽ, പ്രിയദർശൻ, സിദ്ദിഖ്-ലാൽ സിനിമകളിലെ ഇന്നസെന്റിന്റെ കഥാപാത്രങ്ങൾ ഏറെ ജനപ്രിയമാണ്.

പൊതുദർശനം രാവിലെ എട്ട് മുതൽ 11 വരെ എറണാകുളം കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചയ്ക്ക് ഒരുമണി മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിലും തുടർന്ന് സ്വവസതിയിലും നടക്കും. വൈകിട്ട് അഞ്ചുമണിയ്ക്ക് സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.
തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്.എൻ.എച്ച്. സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. തുടർന്ന് അഭിനയത്തിൽ ഒരു കൈ പയറ്റാം എന്ന ധാരണയിൽ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972-ൽ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങൾ. തുടർന്നും ചെറുവേഷങ്ങൾ ഇന്നസെന്റിനെ തേടിയെത്തി. ഇടയ്ക്ക് ടൈഫോയിഡ് പിടിപെട്ടതിനേ തുടർന്ന് കർണാടകയിലെ ദാവൺഗെരേയിലേക്ക് തിരിച്ചു. അവിടെ സഹോദരൻ സണ്ണി, കസിൻസായ ജോർജ്, ഡേവിസ് എന്നിവർ ഒരു തീപ്പെട്ടിക്കമ്പനി നടത്തുന്നുണ്ടായിരുന്നു. ക്രമേണ ആ കമ്പനിയിൽ ഇന്നസെന്റ് സജീവമായി
ഇതിനിടയിലും അഭിനയമോഹം കൈവിടാനൊരുക്കമല്ലായിരുന്നു ആ കലാസ്നേഹി. ദാവൺഗെരേയിലെ കേരളസമാജത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുകയും ചെയ്തു. 1974-ൽ ഇവിടം വിട്ട ഇന്നസെന്റ് തുകൽ വ്യാപാരം ആരംഭിച്ചു. പിന്നെ സൈക്കിൾ വാടകയ്ക്ക് നൽകുന്ന ജോലിയും അദ്ദേഹം ചെയ്തിരുന്നു.

(കന്നട), ലേസാ ലേസാ (തമിഴ്) എന്നീ അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു. സത്യൻ അന്തിക്കാടിന്റെ മഴവിൽ കാവടി എന്ന സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയിലെ അഭിനയത്തിന് 2009-ൽ കേരള സംസ്ഥാന ക്രിട്ടിക് പുരസ്കാരം ലഭിച്ചു.

സ്കൂൾ പഠന കാലം മുതൽ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയിൽ എത്തുന്നതിന് മുൻപ് ഇരിഞ്ഞാലക്കുടയിൽ മുനിസിപ്പൽ കൗൺസിലറായി. 2014 മേയിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2013-ൽ തൊണ്ടയ്ക്ക് അർബുദരോഗം ബാധിച്ചതിനെ തുടർന്ന് ഇന്നസെന്റ് ചികിത്സ തേടി. ആ കാലഘട്ടം വേദന നിറഞ്ഞതായിരുന്നുവെങ്കിലും പിന്നീട് വളരെ നർമബോധത്തോടെയാണ് ഇന്നസെന്റ് ഓർത്തെടുത്തത്. ആ അനുഭവങ്ങൾ പ്രതിപാദിക്കുന്ന കാൻസർ വാർഡിലെ ചിരി എന്ന അനുഭവസാക്ഷ്യം നിരവധി പേരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാണു ചെലുത്തിയത്. ഒട്ടേറെ പതിപ്പുകളുമായി കാൻസർ വാർഡിലെ ചിരി ഇപ്പോഴും രോഗികൾക്കും അല്ലാത്തവർക്കും പ്രചോദനമായി വിൽപ്പനയിലുണ്ട്. മഴക്കണ്ണാടി (കഥകൾ), ഞാൻ ഇന്നസെന്റ്, ചിരിക്ക് പിന്നിൽ (ആത്മകഥ), കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളും രചിച്ചു.

1976 സെപ്തംബർ 26 നാണ് ഇന്നസെന്റ് ആലീസിനെ വിവാഹം കഴിച്ചത്. തന്റെ സിനിമയിലെയും വ്യക്തി ജീവിതത്തിലെയും നേട്ടങ്ങളിലെല്ലാം ആലീസ് ചെലുത്തിയ സ്വാധീനം വാക്കുകൾക്ക് അതീതമാണെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റാണ് മരുമകൾ. ഇന്നസെന്റ് സോണറ്റ്, അന്ന സോണറ്റ് എന്നിവർ പേരക്കുട്ടികളാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version