രാജ്യചരിത്രത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ എന്നും അടയാളപ്പെടുത്തുന്ന രാഹുൽ ഗാന്ധി നേതൃത്വം നല്കിയ ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറിൽ സമാപിക്കും. 136 ദിനം രാജ്യത്തിന്റെ ഹൃദയം കീഴടക്കി 4080 കിലോമീറ്റർ യാത്ര ശ്രീനഗറിൽ സമാപിക്കുമ്പോൾ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച മുദ്രാവാക്യം ജനം ഏറ്റെടുത്ത് വിജയിപ്പിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് യാത്ര സമാപിക്കുന്നത്.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി. കോൺഗ്രസ് ദുർബലമായ സംസ്ഥാനങ്ങളും ബിജെപി ശക്തി കേന്ദ്രങ്ങളും, മറ്റു പ്രതിപക്ഷ പാർട്ടികളുടെ സ്വാധീന മേഖലയിലും യാത്ര തരംഗമായത് വിദ്വേഷ രാഷ്ട്രീയത്തെ വെറുക്കുന്ന, സമാധാനജീവിതം കാംക്ഷിക്കുന്ന ജനമനസ്സുകൾ, ഒരുമിക്കുന്ന ചുവടുകൾ, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റി എന്നതാണ് പ്രധാനം.
കാശ്മീറിലെ ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയശേഷം ‘ഇന്ത്യക്ക് നൽകിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോൽക്കും, സ്നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയിൽ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകും. രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഭാരതത്തിന്റെ ഭാവി പ്രതീക്ഷയുടെ വെളിച്ചമാണ്.
ഇന്ന് ശ്രീനഗറിൽ സമാപന സമ്മേളനത്തിൽ 13 ലേറെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. ്പരമാവധി പ്രതിപക്ഷ കക്ഷികളുടെ ഐക്യംകൂടി യാഥാർഥ്യമായാൽ ഭാരത് ജോഡോ യാത്ര വൻ രാഷ്ട്രീയ നേട്ടവും സൃഷ്ടിക്കും.