Home NEWS INDIA ഗ്യാൻ വാപി മസ്ജിദ് : ബാബരി മസ്ജിദ് മാതൃകയിൽ കൈയടക്കാൻ നീക്കം

ഗ്യാൻ വാപി മസ്ജിദ് : ബാബരി മസ്ജിദ് മാതൃകയിൽ കൈയടക്കാൻ നീക്കം

gyanvapi mosque

സംഘ് പരിവാർ കുറച്ചുനാളായി അവകാശവാദം ഉന്നയിക്കുന്ന വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻ വാപി മസ്ജിദിന്റെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്. വാരണാസിയിലെ ഒരു സിവിൽ കോടതിയാണ് ഉത്തരവിട്ടത്. മസ്ജിദിനുള്ളിലെ കിണറ്റിൽനിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വിഷ്ണു ജയ്ൻ എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. വ്യാജ അവകാശ വാദം ഉന്നയിച്ചാണ് കോടതി വിധി നേടിയിരിക്കുന്നതെന്നു മസ്ജിദ് അധികൃതർ പറയുന്നു. കേസിന്റെ ഭാഗമായി ഇവിടെ വീഡിയോ സർവേ നടക്കുന്നുണ്ടായിരുന്നു. സർവേക്കായി മസ്ജിദിൽ അംഗ സ്നാനം നടത്താൻ ഉപയോഗിച്ചിരുന്ന കിണറ്റിലെ വെള്ളം വറ്റിച്ചിരുന്നു.
135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ അവകാശവാദം ഉന്നയിക്കുന്നവരുടെ അഭിഭാഷകൻ ഹരിശങ്കർ ജയിൻ പരിശോധനയിൽ ‘സുപ്രധാന തെളിവ്’ കണ്ടെത്തിയതായി കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ചു സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്നപള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു ഉത്തരവിടുകയായിരുന്നു.
ഇതിനിടെ ബുദ്ധപൂർണിമ നാളിൽ തന്നെ ഗ്യാൻ വാപിയിൽ ബാബ മഹാദേവന്റെ വിഗ്രഹം കണ്ടെത്തിയത് രാജ്യത്തിന്റെ ശാശ്വതമായ ഹൈന്ദവ
പാരമ്പര്യത്തിന്റെ പുരാണ സന്ദേശത്തിന് ഉദാഹരണമാണെന്ന് ഉപ മുഖ്യമന്ത്രി മൗര്യ ട്വീറ്റ് ചെയ്തു.

അതേസമയം, കണ്ടെത്തിയെന്ന് പറയുന്നത് മുഗൾകാല നിർമിതിയായ മസ്ജിദിൻറെ വുസു ഖാനയിലുള്ള വാട്ടർ ഫൗണ്ടൻറെ ഭാഗമാണെന്നും ഇതു വ്യക്തമാക്കി മേൽക്കോടതിയെ സമീപിക്കുമെന്നും ഗ്യാൻവാപി മസ്ജിദിൻറെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്തതാണ് ഫൗണ്ടൻ. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.. ഗ്യാൻ വാപി മസ്ജിദ് ബാബരി മസ്ജിദ് മാതൃകയിൽ കൈയടക്കാൻ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുകയാണെന്നു വിവിധ മുസ്ലിം സംഘടനകൾ ആരോപിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version