Home NEWS KERALA ഗുജറാത്ത് വംശഹത്യ : മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ച് യുവജന വിദ്യാർഥി സംഘടനകൾ

ഗുജറാത്ത് വംശഹത്യ : മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ച് യുവജന വിദ്യാർഥി സംഘടനകൾ

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി നാടാകെ പ്രദർശിപ്പിച്ച് യുവജന- വിദ്യാർഥി സംഘടനകൾ. ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. ചൊവ്വാഴ്ച ഡി.വൈഎഫ്‌ഐ നേതൃത്വത്തിൽ സംസ്ഥാനത്ത് പലേടത്തും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കേരളത്തിൽ യൂത്ത് കോൺഗ്രസും കെ.പി.സി.സി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഡോക്യുമെന്ററി അവതരിപ്പിക്കാൻ എസ് എഫ് ഐ തീരുമാന പ്രകാരം മഹാരാജാസ് കോളേജ്, എറണാകുളം ലോ കോളേജ്, കുസാറ്റ്, കാലടി സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിൽ ഡോക്യുമെന്ററിയുടെ രണ്ട് ഭാഗങ്ങളും പ്രദർശിപ്പിച്ചു. പ്രദർശനത്തിൽ നൂറു കണക്കിന് വിദ്യാർഥികൾ പങ്കാളികളായി. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, ജില്ലാ പ്രസിഡന്റ് പ്രജിത്ത് കെ ബാബു എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി. വലിയ സ്‌ക്രീനിലാണ് എല്ലായിടത്തും പ്രദർശനം ഒരുക്കിയത്. തിരുവനന്തപുരം ലോകോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു.

ഡിവൈഎഫ്‌ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രദർശനം സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സഞ്ചരിക്കുന്ന എൽഇഡി വാളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം ഒരുക്കി. കലൂർ, ഹൈക്കോടതി ജങ്ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു എന്നിവർഎറണാകുളത്ത്്് നേതൃത്വം നൽകി.

മുസ്ലിം യൂത്ത് ലീഗ് -എംഎസ്എഫും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. മഹാരാജാസ് കോളേജില്‍ എംഎസ്എഫും ചൊവ്വാഴ്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വരുന്ന ദിവസങ്ങളിൽ കൂടുതൽ സംഘടനകൾ പ്രദർശനത്തിനു തയ്യാറെടുക്കുന്നതായാണ് അറിയുന്നത്.

ഡോക്യുമെന്ററി പ്രദർശിപ്പികുന്നതിൽ ബി ജെ പി ക്ക് ലജ്ജ തോന്നിയിട്ട് കാര്യമില്ലെന്നും സംഘർഷമുണ്ടാക്കുക ലക്ഷ്യമല്ലെന്നും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ. എ റഹിം വ്യക്തമാക്കി.

ഡോക്യുമെന്ററി പ്രദര്ശിപ്പിക്കുന്നതിൽ പൊലീസ് കേസെടുക്കുമെങ്കിൽ എടുക്കട്ടെയെന്നും ജയിലിൽ പോകാൻ തയാറാണെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ കണ്ണൂരിൽ പറഞ്ഞു. ഇതിനിടെ പാലക്കാട് ഉൾപ്പെടെ ചിലേടത്ത് പ്രദർശനത്തിനെതിരെ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു. പ്രദർശനം തടയാൻ ശ്രമിച്ചാൽ നേരിടുമെന്ന് ഡി.വൈ.എഫ്‌ഐ. എസ്എഫ്.ഐ നേതാക്കൾ പറഞ്ഞു. ജെഎൻയു അടക്കം രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റിയിലും പ്രദർശനത്തിനു നീക്കം നടക്കുന്നുണ്ട്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version