2002 ലോ ഗുജറാത്ത് കലാപത്തിൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക നേരിട്ട് പങ്കാളിത്തം ഉണ്ടെന്ന ബിബിസി ഡോക്യുമെൻററിയുടെ ലിങ്ക് ട്വിറ്റർ നീക്കം ചെയ്തു. ഡോക്യുമെൻററിയുടെ ലിങ്ക് ബ്ലോക് ചെയ്യാൻ യുട്യൂബിനോടും ട്വിറ്ററിനോടും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം യൂട്യൂബ് വിഡിയോകൾ നീക്കംചെയ്യാനാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ചത്. ഡോക്യുമെന്ററിയുടെ ലിങ്കുമായി ബന്ധപ്പെട്ട 50ലേറെ ട്വീറ്റുകൾ തടയാൻ ട്വിറ്ററിന് നിർദേശം നൽകിയതായാണ് വിവരം. . ഐ ആൻഡ് ബി മന്ത്രാലയം സെക്രട്ടറിയുടെ നിർദേശം യൂട്യൂബും ട്വിറ്ററും അംഗീകരിച്ചതായാണ് റിപ്പോർട്ട്.
2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നു കാണിച്ച്് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്തത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയാൻ അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും പൗരാവകാശ പ്രവർത്തകരും വീഡിയോ ലിങ്ക് പങ്കുവച്ചിരുന്നു. എന്നാൽ ലിങ്ക് ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഡോക്യുമെൻററിയുടെ ലിങ്ക് ബ്ലോക് ചെയ്യാൻ യുട്യൂബിനോടും ട്വിറ്ററിനോടും വാർത്താവിതരണമന്ത്രാലയ സെക്രട്ടറി നിർദേശിച്ചതായി റിപ്പോർട്ടു പുറത്തുവന്നത്.
ഇതിനിടെ വാസ്തവവിരുദ്ധവും ഏകപക്ഷീയവുമാണ് ഡോക്യുമെൻററിയെന്ന് 13 റിട്ട. ജഡ്ജിമാരും മുൻ സ്ഥാനപതിമാരും അടക്കമുള്ള 302 പേർ ഒപ്പിട്ട പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നു. ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം അടുത്ത ചെവ്വാഴ്ച്ച ഇറങ്ങും.