കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിനില്ല. മാർച്ച് 22 ന് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. കന്നടക്കാർ പുതുവത്സരദിനമായി ആഘോഷിക്കുന്ന ‘ഉഗാദി’ ദിനമാണ് മാർച്ച് 22. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി 125 സ്ഥാനാർഥികളുടെ ആദ്യ പട്ടികക്ക് അംഗീകാരം നൽകിയതായാണ് വിവരം.
ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ആരുമായും സഖ്യത്തിനില്ലെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു. ആകെയുള്ള 224 സീറ്റിൽ 150 ൽ വിജയിച്ച് അധികാരത്തിലെത്തുന്നതിനുള്ള പടപ്പുറപ്പാടിലാണ് കോൺഗ്രസ്. കന്നടയിൽ ബിജെപി വിരുദ്ധ തരംഗം മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. അഴിമതി, തൊഴിലില്ലായമ, വർഗീയത എന്നിവയിൽനിന്നുള്ള മോചനമാണ് ജനം ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി കോൺഗ്രസ്സിന് അനുകൂലമായി ഏകീകരിക്കുമെന്നാണ് വിലയിരുത്തൽ
116-122 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്നാണ് ഈയടുത്ത് സ്വകാര്യ ഏജൻസിയായ ലോക് പോൾ നടത്തിയ സർവേ ഫലം പുറത്തുവന്നിരുന്നു. ഭാരത് ജോഡോ യാത്രയുടെ വിജയം സംസ്ഥാനത്തെ കോൺഗ്രസ്സിനു ആവേശം നൽകുന്നതായിരുന്നു.
പ്രമുഖ ബി.ജെ.പി നേതാക്കളടക്കം പാർട്ടിയിൽ ചേർന്നതും കോൺഗ്രസിനു നേട്ടമാണ്. രാഹുൽഗാന്ധി മാർച്ച് 20ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ബെളഗാവിയിൽ നടക്കുന്ന സംസ്ഥാന യുവജന റാലിയിൽ അദ്ദേഹം പങ്കെടുക്കും. എന്നാൽ ത്രികോണ മത്സരം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടാറായിട്ടില്ല.